
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിനു പകരം ബോളിവുഡ് താരം ജോൺ എബ്രഹാം പ്രതിനായകൻ. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആണ് നായിക. പൃഥ്വിരാജിന്റെ പിന്മാറ്റത്തിന്റെ കാരണം അറിവായിട്ടില്ല. മലയാളത്തിൽ നിരവധി ചിത്രങ്ങൾ പൃഥ്വിരാജിനെ കാത്തിരിപ്പുണ്ട്.
എസ്.എസ്.എം.ബി 29 എന്നു താത്കാലികമായി പേരിട്ട രാജമൗലി ചിത്രം ഇന്ത്യാന ജോൺസ് സീരിസ് ലൈനിലാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 800 കോടി രൂപയുടെ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് മഹേഷ് ബാബു. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്ന് വിജയേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്. എം.എം. കീരവാണിയാണ് സംഗീതസംവിധാനം. 2028ൽ ആണ് റിലീസ്. ആർ.ആർ.ആറിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ ചലച്ചിത്ര ലോകത്ത് വമ്പൻ പ്രതീക്ഷ നൽകുന്നത്. രണ്ടു ഭാഗങ്ങളായ എസ്.എസ്.എം.ബി 29 ഒരുങ്ങുന്നത്.
അതേസമയം പൃഥ്വിരാജ് നായകനായി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ അടുത്തദിവസം പാക്കപ്പ് ആകും. ഇടുക്കിയിലെ ഉപ്പുതറയാണ് ചിത്രീകരണം.
ചന്ദന മോഷ്ടാവ് ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്കരൻ മാഷും ഡബിൾ മോഹനനും തമ്മിൽ നടത്തുന്ന യുദ്ധവും അതു കാത്തുവച്ച പ്രതികരണവും ചേരുന്നതാണ് വിലായത്ത് ബുദ്ധ. ഷമ്മി തിലകൻ ആണ് ഭാസ്കരൻ മാഷ്. പ്രിയംവദ കൃഷ്ണനാണ് നായിക. തമിഴ് ഗായകനും സംഗിത സംവിധായകനും നടനുമായ ടി.ജെ. അരുണാചലം ആണ് പ്രതിനായകൻ. അനുമോഹൻ, രാജശ്രീ നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം അരവിന്ദ് കശ്യപ്, രണദിവെ, ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് ചിന്നാടനും ചേർന്നാണ് തിരക്കഥ. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ വിലായത്ത് ബുദ്ധ നിർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |