
മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്നു. ഉണ്ടയ്ക്കുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കോമഡി ആക്ഷൻ എന്റർടെയ്‌നറായിരിക്കും. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. തല്ലുമാലയ്ക്കുശേഷം ടൊവിനോ തോമസും ഖാലിദും വീണ്ടും ഒരുമിക്കുന്നുണ്ട്. അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൂർത്തിക്കിയശേഷം നിതീഷ് സഹദേവിന്റെ ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. നിതീഷ് സഹദേവും നടൻ അനുരാജ് ഒ.ബിയും ചേർന്നാണ് രചന. ക്രിഷാന്തിന്റെ സിനിമയും മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ബസൂക്കയുടെ റിലീസ് ഏപ്രിൽ 10ലേക്ക് നീട്ടി. സി.ജി.ഐ വർക്കുകൾ പൂർത്തിയാകാത്തതാണ് റിലീസ് നീട്ടാൻ കാരണമെന്നാണ് വിവരം. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് ബസൂക്കയ്ക്ക് ശേഷം മമ്മൂട്ടിയുടെ റിലീസ്. മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി കൊടുംവില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ. ഈ വർഷം മമ്മൂട്ടിയുടെ ആദ്യ റിലീസ് ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആയിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |