
നവാഗതനായ റോഷ് റഷീദ് സംവിധാനം ചെയ്യുന്ന എൽ ക്ലാസികോ എന്ന ചിത്രത്തിൽ ഷെയിൻ നിഗം നായകൻ. അനുപമ പരമേശ്വരനാണ് നായിക. ചെമ്പൻ വിനോദാണ് മറ്റൊരു താരം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്കു ശേഷം അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ജെ.എസ്.കെ റിലീസിന് ഒരുങ്ങുന്നു. അതോടൊപ്പം ഷറഫുദ്ദീൻ നായകുന്ന പെറ്റ്സ് ഡിക്ടറ്റീവാണ് റിലീസിന് തയാറെടുക്കുന്ന മറ്റൊരു ചിത്രം. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് എൽ ക്ലാസിക്കോയുടെ നിർമ്മാണം. അമീർ സുഹൈലും രോഹിത് റെജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
അതേസമയം ഷെയ്ൻ നിഗം നായകനായി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിനുശേഷം ഷെയ്ൻ വീണ്ടും പ്രണയ നായകനായി എത്തുന്ന ചിത്രം കൂടിയാണ്. സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നിഷാദ് കോയയാണ് രചന. പ്രശസ്ത ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ളം ആദ്യമായി ഒരു മലയാള ചിത്രത്തിന് പാടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഹാൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വി. നന്ദഗോപൻ ആണ് സംഗീത സംവിധാനം. കലാസംവിധാനം പ്രശാന്ത് മാധവൻ, നാഥൻ, എഡിറ്റർ ആകാശ് ജോസഫ് വർഗീസ്, ഒരു കംപ്ളീറ്റ് കളർഫുൾ എന്റർടെയ്നറായിരിക്കും ഹാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |