
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഇനി കൊച്ചിയിൽ. മോഹൻലാൽ പങ്കെടുക്കുന്ന രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുക. ഡൽഹി ഷെഡ്യൂളിന്റെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടി ഇന്ന് മടങ്ങിയെത്തും. മമ്മൂട്ടി, മോഹൻലാൽ, രേവതി, ഗ്രേസ് ആന്റണി എന്നിവരായിരുന്നു ഡൽഹി ഷെഡ്യൂളിൽ പങ്കെടുത്തത്. മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും ഡൽഹിയിൽ ചിത്രീകരിച്ചിരുന്നു.
12 ദിവസത്തെ ചിത്രീകരണം ആയിരുന്നു അവിടെ പ്ളാൻ ചെയ്തിരുന്നത്. കഴിഞ്ഞ കൊച്ചി ഷെഡ്യൂളിൽ മമ്മൂട്ടിയും നയൻതാരയും പങ്കെടുത്ത രംഗങ്ങളാണ് ചിത്രീകരിച്ചത്. കൊച്ചിയിലെ ഈ ഷെഡ്യൂളിന് ശേഷം ഹൈദരാബാദാണ് അടുത്ത ലൊക്കേഷൻ. ഹൈദരാബാദ് ഷെഡ്യൂളിലും മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഈ ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്തത്. ലണ്ടനാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. ലണ്ടൻ ഷെഡ്യൂളോടെ ചിത്രം പാക്കപ്പാകും. ലണ്ടൻ ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ ആയിട്ടാണ് മഹേഷ് ചിത്രം ഒരുങ്ങുന്നത്. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്. ശ്രീലങ്ക, ദുബായ് , ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ആദ്യമായാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.
24 വർഷത്തിന് ശേഷം മോഹൻലാലും രേവതിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവരോടൊപ്പം മദ്രാസ് കഫേ, പത്താൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുംരാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. പ്രൊഡക്ഷൻ ഡിസൈനർ :ജോസഫ് നെല്ലിക്കൽ, മേക്കപ്പ്:രഞ്ജിത് അമ്പാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |