
മലയാളത്തിലെ സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രുദ്ര . ''ഒരു മലയാള സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്തിട്ടില്ല. കഴിഞ്ഞവർഷമാണ് ഞാൻ ഇക്കാര്യത്തെക്കുറിച്ച് ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതായിരിക്കും നിങ്ങൾ കണ്ടത്. അതൊരു കാസ്റ്റിംഗ് കൗച്ച് എന്ന് ഞാൻ പറയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ടുപോയി എന്നു പറയുന്നതായിരിക്കും ശരി.
അയാളുടെ പേര് ഞാൻ വെളിപ്പെടുത്തില്ല. മാപ്പ് നൽകി മറക്കാം. അയാൾ വലിയൊരു സംവിധായകനാണ്. എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് ഓഫീസിലക്ക് വരാൻ ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ ഒപ്പം ഉണ്ടാകാറുണ്ട്. അമ്മയാണ് എന്റെ ശക്തി. അമ്മ ഒപ്പമുണ്ടെങ്കിൽ നൂറ് ആണുങ്ങൾ ഒപ്പമുള്ളതുപോലെ ആണ്. അയൺ ലേഡി എന്ന് പറയുന്നതാകും ശരി.
അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. കോസ്റ്റ്യും ഇട്ടുനോക്കാനോ മറ്റോ ആണ് സംവിധായകൻ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഞാൻ അമ്മയോട് പറഞ്ഞു. എനിക്ക് നല്ല സുഖമില്ല. നീ ഹെയർ ഡ്രസറായിരുന്ന സ്ത്രീയെയും കൂട്ടിപോകൂ എന്ന്.ആ സംവിധായകന്റെ ഓഫീസും വീടും ഒരുമിച്ചായിരുന്നു. ഓഫീസിലിരുന്ന് ചർച്ച ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ സാർ മുകളിലുണ്ട്. അവിടെയിരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫീസിൽനിന്നു പറഞ്ഞു. കൂടെ വന്ന ഹെയർ ഡ്രസറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർക്ക് വരാൻ അസൗകര്യമുണ്ടെന്നും എന്നോട് പൊയ്ക്കോളൂ എന്നും പറഞ്ഞു. ഞാൻ അന്ന് ടീനേജറാണ്. ഒരു കുട്ടിത്തത്തോടെയാണ് ഞാൻ സംവിധായകന്റെ മുറിയിൽ എത്തിയത്. പക്ഷേ അവിടെ ഞാൻ ആരെയും കണ്ടില്ല. ബെഡ്റൂമിൽ നിന്ന് അകത്തേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഞാൻ ആ റൂമിലേക്ക് കയറി. ആ സംവിധായകനൊപ്പം മലയാള സിനിമ ചെയ്തിട്ടുണ്ട്.
അറിവായുന്ന ആളായതുകൊണ്ട് അകത്തേക്ക് വിളിച്ചപ്പോൾ കയറിചെന്നു. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ എന്ത് നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും കഴിഞ്ഞില്ല. ഇത് എന്റെ തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്. അതോ ഇതുചെയ്യാൻ അവസരം ഉണ്ടാക്കിയത് ഞാൻ ആണോ എന്നൊക്കെയുള്ള സംശയം പോലും എനിക്ക് തോന്നി.വീട്ടിൽ എത്തിയതിനുശേഷം ഞാൻ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. ഇത് എങ്ങനെ അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒടുവിൽ നടന്ന കാര്യം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
അമ്മ പൊട്ടിക്കരയാൻ തുടങ്ങി. അമ്മയുടെ മുന്നിൽ ഞാൻ തോറ്റുപോയി.
ഞാനാണ് ഇതിനെല്ലാം കാരണം എന്ന തോന്നലിൽ മരിക്കാൻ തീരുമാനിച്ചു. അന്ന് രാത്രി ഞാൻ ഉറക്കഗുളികകൾ കഴിച്ചു. വീട്ടുകാർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തി. അയാളുടെ തെറ്റാണ് .നീ, ഇല്ലാതെ ഞാൻ ജീവിച്ചിരിക്കില്ല. ഇനി ഇങ്ങനെയൊന്നും ചെയ്യരുതെന്നും അമ്മ പറഞ്ഞു.അയാൾ ഒരു യുവാവൊന്നുമല്ല. എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു. ആ സംഭവം എന്നെ കൂടുതൽ കരുത്താക്കി. ഞാൻ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. പിന്നീട് ഞാൻ അമ്മയെ കൂട്ടാതെയാണ് പോയത്.കാരണം എല്ലാം നേരിടാൻ ഞാൻ മതി. ""രുദ്രയുടെ വാക്കുകൾ. അശ്വനി നമ്പ്യാർ എന്നാണ് രുദ്രയുടെ യഥാർത്ഥ പേര്. വിവാഹശേഷം സിംഗപ്പൂരിലായിരുന്നു. അവിടെ ഒരു കോളേജിൽ 17 വർഷം അദ്ധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ ചെന്നൈയിലാണ്. മകൾ കോളേജ് വിദ്യാർത്ഥിനി .
ആമസോൺ പ്രൈമിലെ സീരിസായ സുഴൽ രണ്ടാം ഭാഗത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |