SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.15 PM IST

'പൃഥ്വിരാജിനെതിരെ  വലിയൊരു  ക്യാമ്പെയിനിംഗ്  ഉണ്ടെന്നത് സത്യം, മറ്റ് സിനിമകൾ കണ്ടിട്ട് എമ്പുരാനെ മനഃപൂർവം വിമർശിക്കും'

prithviraj
പൃഥ്വിരാജ്

നടൻ പൃഥ്വിരാജിനെതിരെ മനഃപൂർവം വിമർശനങ്ങൾ ഉയർത്തുന്നതിനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നടി മല്ലികാ സുകുമാരൻ. എന്തുകാര്യം വരുമ്പോഴും എമ്പുരാനെ വിമർശിക്കുന്നവരുണ്ട്. മറ്റ് സിനിമകൾ കണ്ടിട്ട് എമ്പുരാനെ മനഃപൂർവം വിമർശിക്കുന്നവരുണ്ടെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

എമ്പുരാൻ നി‌ർമിച്ച ആന്റണി പെരുമ്പാവൂർ ഒരക്ഷരം മിണ്ടിയിട്ടില്ല. മോഹൻലാലും ഒന്നും പറഞ്ഞിട്ടില്ല. എമ്പുരാൻ എത്ര കളക്ഷൻ നേടിയെന്ന് വിമർശിക്കുന്നവർക്കറിയാമോ? ഇന്ത്യയിൽ ടോപ്പ് ആയി ഓടിയ സിനിമകളുടെ പട്ടികയിൽ ഇന്നും എമ്പുരാനുണ്ട്. അതൊന്നും വിമർശിക്കുന്നവർക്കറിയേണ്ട. ഇതൊക്കെ കേൾക്കുമ്പോൾ ലാൽ വരെ അന്തം വിടാറുണ്ട്. രാജുവിനെതിരെ വലിയൊരു ക്യാമ്പെയിനിംഗ് ഉണ്ടെന്നത് സത്യമാണ്. അതുകൊണ്ടൊന്നും പൃഥ്വിരാജിന് ഒന്നും സംഭവിക്കില്ല. പൃഥ്വിയുടെ കഠിനാധ്വാനം, സത്യസന്ധത, എവിടെപ്പോയാലും മലയാളിയാണെന്ന് പറയുന്നതിലെ സന്തോഷം എല്ലാം മുതൽക്കൂട്ടാണ്.

ഇതൊക്കെ ചെറിയ ശതമാനം ആളുകൾ പറയുന്നതാണെന്നും അതൊക്കെ വിട്ടുകളയണമെന്നും ഇൻഡസ്‌ട്രിയിൽ ഉള്ളവർതന്നെ പറയാറുണ്ട്. പൃഥ്വിക്കെതിരെ ആന്റി ക്യാമ്പെയിൻ ഉണ്ടെന്നതിൽ സംശയമില്ല. ഇന്ദ്രജിത്ത് വളരെ സൈലന്റായ ആളായതിനാലാണ് ഇത്രയും വിമർശനങ്ങൾ ഉയരാത്തത്. ഇന്ദ്രൻ പാൻ ഇന്ത്യൻ ലെവലിൽ എത്തിയിട്ടില്ല. രാജു സുകുവേട്ടൻ ടൈപ്പാണ്. ആരും കള്ളം പറയുന്നത് ഇഷ്ടമല്ല. കള്ളം പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടും. വിമർശനങ്ങൾ ഉയർത്തുന്നവരെ ബ്ളോക്ക് ചെയ്യാൻ രാജു പറയും. ഞങ്ങളെയൊന്നും ഇതൊന്നും ബാധിക്കില്ലെന്ന് രാജു പറയും. എന്തും മറ്റുള്ളവരെക്കുറിച്ച് എഴുതാം, എന്നാൽ മോശം ഭാഷ ഉപയോഗിക്കരുതെന്നാണ് രാജു തന്റെ ആരാധകരോടും പറയാറുള്ളത്.

English Summary

Actress Mallika Sukumaran claimed that a group is deliberately criticizing actor Prithviraj Sukumaran and his film _Empuraan_. She said the film continues to be criticized despite its box-office performance. Mallika also praised Prithviraj’s hard work, honesty, and pride in being Malayali, adding that such criticism would not affect him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ SUKUMARAN, MALLIKA SUKUMARAN, EMPURAAN CRITICISM, പൃഥ്വിരാജ് വിമർശനം, മല്ലികാ സുകുമാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY