
ക്ലാസിക് ആവാൻ തഗ് ലൈഫ്
തഗ് ലൈഫ് സിനിമയുടെ പ്രചാരണാർത്ഥം കമൽഹാസൻ ഉൾപ്പെടുന്ന ടീം ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് 4 ന് ഹോട്ടൽ ഹയാത്ത് റിജൻസിയിൽ പത്രസമ്മേളനം ഉണ്ടാവും. ചിലമ്പരശൻ, തൃഷ, നാസർ, ജോജു ജോർജ് , അഭിരാമി എന്നിവരും ഉണ്ടാകും.
ഇടവേളയ്ക്കുശേഷമാണ് കമൽഹാസൻ തന്റെ സിനിമയുടെ പ്രചാരണാർത്ഥം തിരുവനന്തപുരത്ത് എത്തുന്നത്. കമൽഹാസും മണിരത്നവും 37 വർഷത്തിനുശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നായകൻ എന്ന ക്ലാസിക് ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. മാസും ക്ലാസും ഒപ്പത്തിനൊപ്പം നിറയുന്ന തഗ്‌ലൈഫിൽ കമൽഹാസന്റെ മിന്നും പ്രകടനവുമായാണ് ട്രെയിലർ പുറത്തിറങ്ങിയത്.
മണിരത്നത്തിന്റെ പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ.ആർ. റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും വീണ്ടും ഒരുമിക്കുന്നു.
നേരത്തേ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രഹകൻ രവി കെ. ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. വിക്രം സിനിമയിൽ കമൽഹാസനുമായി സഹകരിച്ച അൻപറിവാണ് ആക്ഷൻ കൊറിയോഗ്രാഫി. കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ ആലപിച്ചതുൾപ്പെടെ 9 ഗാനങ്ങൾ തഗ് ലൈഫിലുണ്ട്.
ജൂൺ 5 ന് ചിത്രം റിലീസ് ചെയ്യും. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബ്രിഗ് ഫിലിംസ്. പി.ആർ. ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |