
ഒരുമണിക്കൂർ ഒരേ സംഭവങ്ങൾ പലതവണ ആവർത്തിച്ചാവർത്തിച്ച് കാണേണ്ടി വരുക. ഒരു സ്വപ്നം ,ആ സ്വപ്നത്തിനകത്ത് വേറൊരു സ്വപ്നം, അതിനകത്തും സ്വപ്നം,. ഇങ്ങനെ സ്വപ്നങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിൽ ഇതിൽ സത്യമേതാ സ്വപ്നമേതാ എന്ന് തിരിച്ചറിയാൻ കഴിയാതെ വട്ടായിരിക്കുന്ന പ്രേക്ഷകർ. ധൂമകേതു എന്ന സിനിമയിലെ സജിൻ ഗോപുവിന്റെ കുട്ടൻ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലായിരിക്കണം ചിത്രം കാണാനെത്തിയവരും.
പറഞ്ഞുവരുന്നത് സുധി മാഡിസൺ സംവിധാനം ചെയ്ത് സജിൻ ഗോപു, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ധൂമകേതു എന്ന ചിത്രത്തെ കുറിച്ചാണ്. പ്രേക്ഷക ശ്രദ്ധ നേടിയ നെയ്മർ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലതിൻ കുമാർ എന്ന കുട്ടന്റെയും ശർമ്മിളയും വിവാഹ ദിവസം ഉണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കുട്ടനായി സജിൻഗോപുവും ശർമ്മിളയായി നിഖില വിമലും എത്തുന്നു.
3000 വർഷത്തിലൊരിക്കൽ ഭൂമിയിൽ ധൂമകേതു ദൃശ്യമാകുന്ന ദിവസമാണ് കുട്ടന്റെ കല്യാണം നടക്കുന്നത്. കല്യാണ ദിവസം സംഭവിക്കുന്ന കാര്യങ്ങൾ കുട്ടൻ നേരത്തെ തന്നെ സ്വപ്നത്തിലൂടെ അറിയുന്നു എന്നതാണ് സവിശേഷത. കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ കുട്ടനെ ആക്രമിക്കാൻ മുഖംമൂടി ധാരികളായ ഒരു സംഘം എത്തുന്നു എന്നാണ് സ്വപ്നത്തിലുള്ളത്. ഇതിനുള്ള പരിഹാരം കാണാൻ ശ്രമിക്കുന്നതും സ്വപ്നത്തിലുള്ളിലെ സ്വപ്നത്തിലൂടെയാണ്. ഈ ടൈം ലൂപ്പിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്ന കുട്ടൻ ചില സത്യങ്ങൾ തിരിച്ചറിയുന്നു. ഒടുവിൽ താൻ നേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ക്ലൈമാക്സിൽ ചില ട്വിസ്റ്റുകളും സംവിധായകൻ ഒളിപ്പിച്ചുവിച്ചിട്ടുണ്ട്.

മുരടനും അല്പം എക്സൻട്രിക്കുമായി തോന്നുന്ന കുട്ടനായി സജിൻ ഗോപു തന്റെ മുൻ ചിത്രങ്ങളായ പൈങ്കിളിയിലെയും പൊൻമാനിലെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട്. ആ കഥാപാത്രങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഇതുവരെ പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കുട്ടനും തെളിയിക്കുന്നു. നിഖില വിമലിന് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കുട്ടന്റെ സുഹൃത്തായ ആന്റിയായി ഗണപതി തിളങ്ങി. കുട്ടന്റെ അമ്മ ലീലാമ്മയായി മഞ്ജു പിള്ള മിസ്‌കാസ്റ്റായി അനുഭവപ്പെടും. ശേഖരൻകുട്ടി എന്ന റോളിൽ ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ട്, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സോണിയും മനുവും ചേർന്ന് രചിച്ച തിരക്കഥ പലയിടത്തും കൈവിട്ട് പോകുന്നുണ്ട്. ജിന്റു ജോർജിന്റെ ക്യാമറയും വിവേക് ഹർഷന്റെ എഡിറ്റിംഗുമാണ് ചിത്രത്തെ ഒരുവിധം മുന്നോട്ടു കൊണ്ടുപോകുന്നത്. അങ്കിത് മേനോന്റെ ഗാനങ്ങളും നന്നായി. സൂക്ഷ്മ ദർശിനി എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയിൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കണ്ടിരിക്കാൻ അല്പം കൂടുതൽ ക്ഷമയുണ്ടെങ്കിൽ നിങ്ങൾക്കും ടിക്കറ്റെടുക്കാം ധൂമകേതുവിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |