
ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രണ്ടാവരവിലും നിറഞ്ഞാടി രജനികാന്ത്, ഒരു ഫുൾ രജനി ഷോ എന്ന് ഒറ്റവാക്കിൽ പറയാം ജയിലർ 2വിനെ. മാസും ആക്ഷനും വൻതാരനിരയുമായി പക്കാ എന്റർടെയിനറായാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ ചിത്രം ഒരുക്കിയിരിക്കുന്നത്.
ജയിലർ നിറുത്തിയിടത്തു നിന്നാണ് ജയിലർ 2വിന്റെ തുടക്കം. അതിനാൽ ജയിലർ ആദ്യഭാഗത്തിലെ മാത്യൂസും നരസിംഹവും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും കാമിയോ റോളുകളും ചിത്രത്തിലുണ്ട്. ചിത്രത്തെ ആകർഷകമാക്കുന്നതും അത് തന്നെ. വർമ്മന്റെ കൊലപാതകിയെ തേടി ഒരുസംഘവും, വർമ്മന്റെ മുകളിലുള്ള നെറ്റ്വർക്കിനെ തേടി മുത്തുവേൽ പാണ്ഡ്യനും നടത്തുന്ന അന്വേഷണമാണ് രണ്ടേമുക്കാൽ മണിക്കൂർ വരുന്ന ചിത്രത്തിന്റെ രത്നചുരുക്കം.
ആദ്യപകുതിയിൽ കോമഡിയിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിന്റേത്. സിനിമയുടെ കുറെഭാഗം കേരളത്തിൽ നടക്കുന്നതിനാൽ മലയാളത്തിൽ നിന്ന് ഒരുപിടി താരങ്ങൾ ചിത്രത്തിൽ വന്നു പോകുന്നുണ്ട്

ആദ്യപകുതിക്ക് ശേഷം ചിതം പതുക്കെ മാസ് രംഗങ്ങളിലേക്കും ആക്ഷൻ രംഗങ്ങളിലേക്കും മുന്നോട്ടു പോകുന്നു. മലയാളം ,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ നിന്ന് കാമിയോ റോളുകളിൽ വൻതാരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. ജയിലർ ആദ്യഭാഗത്തിലേതു പോലെ നിർണായക രംഗങ്ങളിൽ മോഹൻലാലും ശിവരാജ്കുമാറും ജാക്കിഷറഫും എത്തുന്നു. മറ്റ് രണ്ട് സൂപ്പർതാരങ്ങളും കാമിയോ റോളിൽ എത്തുന്നു. വളരെ കുറച്ചു മിനിട്ട് മാത്രമേ ഉള്ളൂവെങ്കിലും മോഹൻലാലിന്റെ സീനുകൾ തിയേറ്ററിൽ ഓളം ഉയർത്തുന്നുണ്ട്. എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാന് തുടങ്ങിയവരും താരനിരയിലുണ്ട് മൂന്നാം ഭാഗത്തിലേക്കുള്ള സൂചന നൽകിയാണ് ചിത്രം അവസാനിക്കുന്നത്.
ചിത്രത്തിൽ പ്രത്യേകമായി എടുത്തുപറയേണ്ടത് അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. രജനികാന്തിന്റെ മാസ് രംഗങ്ങളെ കൂടുതൽ ആകർഷകമാക്കാൻ അനിരുദ്ധിന്റെ സംഗീതത്തിന് കഴിയുന്നുണ്ട്. ആക്ഷൻ രംഗങ്ങളിലെ വിജയ് കണ്ണന്റെ ഛായാഗ്രഹണവും നിർമ്മലിന്റെ എഡിറ്റിംഗും മികച്ചുനിൽക്കുന്നു. കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നിവയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജനികാന്ത് ഫാൻസിന് തിയേറ്ററിൽ സമ്പൂർണ എന്റർടെയിനറാണ് ജയിലർ 2 എന്ന് നിസംശയം പറയാം.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |