SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ബേപ്പൂർ കോട്ടയിൽ പ്രചാരണ പോർവിളി

election

കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെയായി ഇടതു കോട്ടയാണ് ബേപ്പൂർ. പ്രചാരണച്ചൂടേറ്റ് ഇടതുകോട്ടയുടെ മനസ് മാറി മറിയുമോ എന്ന ചോദ്യത്തിന് വോട്ടർമാർ വിധിയെഴുതും. മണ്ഡലത്തിലെ അടിയൊഴുക്ക് നിർവചിക്കാൻ പ്രയാസമാണ്. മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസാണ് എൽ.ഡി.എഫിന്റെ പോരാളി. എതിരാളിയായി യു.ഡി.എഫിന്റെ പി.വി. അൻവർ എത്തിയതോടെയാണ് ബേപ്പൂർ പോര് ശ്രദ്ധേയമായത്. തൃണമൂൽ കോൺഗ്രസ് നേതാവും നിലമ്പൂർ മുൻ എം.എൽ.എയുമാണ് അൻവർ. ബി.ജെ.പിയുടെ കെ.പി. പ്രകാശ്ബാബുവാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

അൻവ‌റിന്റെ വരവോടെ എൽ.ഡി.എഫ് കോട്ട സ്വപ്നം കാണുകയാണ് യു.ഡി.എഫ്. പക്ഷേ 1977ൽ എൻ.പി. മൊയ്തീൻ നിയമസഭാംഗമായ ചരിത്രം മാത്രമേ ബേപ്പൂരിൽ കോൺഗ്രസിനുള്ളൂ. 1980 മുതൽ ഇടതിനൊപ്പമാണ് ബേപ്പൂർ. മൂന്നുതവണ ടി.കെ. ഹംസ, രണ്ടുതവണ വീതം എളമരം കരീമും വി.കെ.സി. മമ്മദ്കോയയും അതുകഴിഞ്ഞ് റിയാസ്. മണ്ഡലത്തിന്റെ നിയമസഭയിലെ ഇടതു ചിത്രം ഇങ്ങനെയാണ്.

മന്ത്രിയായും എം.എൽ.എയായും മണ്ഡലത്തിൽ റിയാസൊരുക്കിയ വികസന പ്രവർത്തനം തങ്ങളുടെ ഭൂരിപക്ഷം കൂട്ടുമെന്ന ഉറപ്പാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ തവണ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ പി.എം. നിയാസിനെ റിയാസ് തോൽപ്പിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ അൻവർ ബേപ്പൂരിൽ പ്രചാരണം തുടങ്ങിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനമുയർത്തി എൽ.ഡി.എഫ് വിട്ട അൻവർ റിയാസിനെ വ്യക്തിപരമായും അധിക്ഷേപിക്കുന്നുണ്ട്. നിലമ്പൂരിലെ വികസന മാതൃക ബേപ്പൂരിലും കൊണ്ടുവരുമെന്നാണ് അൻവറിന്റെ ഉറപ്പ്. മണ്ഡലത്തിലെ ഫറോക്ക്, രാമനാട്ടുകര നഗരസഭകളുടെ ഭരണം യു.ഡി.എഫിനാണ്. നാല് കോർപ്പറേഷൻ വാർഡുകളും യു.ഡി.എഫിനുണ്ട്.

 വികസനം വോട്ടാക്കാൻ എൽ.ഡി.എഫ്

റിയാസിനുള്ള ജനസ്വാധീനം തുണയാകുമെന്ന വിശ്വാസം എൽ.ഡി.എഫിനുണ്ട്. അടിസ്ഥാന സൗകര്യവികസനം, ബേപ്പൂർ തുറമുഖ വികസനം, ബേപ്പൂർ വാട്ടർ ഫെസ്റ്റ് തുടങ്ങി ബേപ്പൂരിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ പദ്ധതികളും എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. 1800 കോടിയുടെ വികസനം നടപ്പാക്കിയെന്നാണ് അവകാശവാദം. തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുപക്ഷത്തിന് ലീഡുണ്ടായിരുന്ന ജില്ലയിലെ നാല് മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. മണ്ഡലത്തിലെ ഒമ്പത് കോർപ്പറേഷൻ വാർഡുകളിലും എൽ.ഡി.എഫ് ജയിച്ചു. കടലുണ്ടി പഞ്ചായത്ത് ഭരണവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA