SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

വേണ്ടത് വികസന ചർച്ച

election

രണ്ടുദിവസമായി വിവാദങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ചർച്ച. എന്നാൽ പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളിയാണ് ഇന്നലെ കളം നിറഞ്ഞത്. 'കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് നിങ്ങൾക്കെന്തുണ്ട് പറയാൻ" എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ചർച്ചയെ സജീവമാക്കി. വാദം മറുവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും.

 സർക്കാരിനെ വിമർശിക്കാൻ എന്തവകാശം: പിണറായി

വിവാദങ്ങളിലേക്ക് കടക്കാതെ കേരളത്തിൽ കഴിഞ്ഞ 10വർഷം ഇടത് സർക്കാർ നടപ്പിലാക്കിയ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യൂ. സർക്കാർ നടത്തിയ പ്രവർത്തനത്തെക്കുറിച്ച് വിമർശനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. പക്ഷേ പ്രതിപക്ഷത്തിന് ഒരു വിമർശനവും വികസനകാര്യത്തിലില്ല. നിയമസഭാ സമ്മേളനത്തിലും ഇതുതന്നെയാണ് കണ്ടത്. പ്രതിപക്ഷത്തിന്റെ വലിയ അവസരമാണ് സമ്മേളനം. ആ അവസരം അവർ ഉപയോഗിച്ചില്ല. മന്ത്രിമാരെ കുറിച്ച് എഴുതിക്കൊടുത്ത് ആരോപണം ഉന്നയിക്കുന്നത് പതിവായിരുന്നു. സർക്കാരുകൾക്കെതിരെ കുറ്റപത്രം അവതരിപ്പിക്കാൻ അവിശ്വാസം കൊണ്ടുവരാറുണ്ട്. ഈ അവസരവും ഉപയോഗിച്ചില്ല. വസ്തുത വെച്ച് സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷം പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുന്നു. കേരളം മാറിയതിനെക്കുറിച്ച് സതീശനും ആളുകളും പറയട്ടെ.


 ഏത് വികസന സംവാദത്തിനും തയ്യാർ: വി.ഡി. സതീശൻ

വികസനത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പത്തുവർഷത്തിനിടെയുണ്ടായ രണ്ട് തിരഞ്ഞെടുപ്പിലും പുറത്തുവിട്ട പ്രകടനപത്രികയിൽ എന്തൊക്കെ നടപ്പിലാക്കിയെന്ന് പറയട്ടെ. ഇടതുസർക്കാർ കേരളത്തിൽ മദ്യ നയം ഉണ്ടാക്കുമ്പോൾ പറഞ്ഞത് ലഭ്യത കുറയ്ക്കുമെന്നാണ്. പക്ഷേ 29 ബാറുകൾ 1000 ആക്കി കൂട്ടുകയായിരുന്നു. എന്ത് വികസനമാണ് ഇവർ നടപ്പിലാക്കിയത്. കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി പുറത്തു പോകുന്നവരുടെ എണ്ണവും പുറത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണവും പരിശോധിക്കൂ. എന്ത് ഉന്നത വിദ്യാഭ്യാസ സാഹചര്യമാണ് കേരളത്തിൽ കഴിഞ്ഞ പത്തുവർഷം ഉണ്ടാക്കിയത്. ഏത് മേഖലയിലാണ് വികസനമുണ്ടായത്. വിഴിഞ്ഞവും മെട്രോ റെയിലുമൊക്കെ ഇടതുപക്ഷം തുടങ്ങിയതാണോ. ദേശീയപാത വികസനം സംസ്ഥാന സർക്കാരിന്റേതാണോ. വികസനം സംബന്ധിച്ച് എന്ത് ചർച്ചയ്ക്ക് വിളിച്ചാലും തയ്യാറാണ്.


 അവകാശപ്പെടാൻ എന്ത് വികസനമുണ്ട് : രാജീവ് ചന്ദ്രശേഖർ

വികസനത്തെക്കുറിച്ച് പ്രസംഗിക്കാം. പക്ഷേ എന്ത് വികസനം നടത്തിയെന്ന് ജനത്തോട് പറയണം. കഴിഞ്ഞ പത്തുവർഷക്കാലത്ത് കേരളം മാറിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. മാറിയത് റെയിൽവേയും ദേശീയപാതയും വിഴിഞ്ഞം തുറമുഖവുമെല്ലാമാണ്. ഇതൊക്കെ ഇവിടുത്തെ സർക്കാരിന്റെ ഫണ്ടുകൊണ്ട് നടപ്പിലാക്കിയതാണോ. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയും എൻ.ഡി.എയെന്ന സർക്കാരുമുള്ളതുകൊണ്ടല്ലേ. കേരളത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഇവിടത്തെ സർക്കാർ എന്തുചെയ്തു. വി.ഡി. സതീശന്റെ വിമർശനങ്ങളെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അത് ഏറ്റുപിടിക്കാനില്ല. കേരളത്തിൽ നടക്കുന്ന വികസനവും നടന്നതുമെല്ലാം ബി.ജെ.പിക്ക് സ്വന്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA