SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഭരണത്തുടർച്ച ഉറപ്പെന്ന് കെ.എൻ.ബാലഗോപാൽ: നാട് എൽ.ഡി.എഫെന്ന ജന പക്ഷത്തിനൊപ്പം

kn-balagopal

കൊല്ലം: ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിവാദങ്ങൾക്ക് പിന്നാലെ പോകില്ലെന്നും രാഷ്ട്രീയമായിട്ടാകും ചിന്തിക്കുകയെന്നും ധനകാര്യ മന്ത്രിയും കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.എൻ.ബാലഗോപാൽ. രാഷ്ട്രീയം നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വോട്ടർമാർ എൽ.ഡി.എഫിന്റെ ജനപക്ഷ രാഷ്ട്രീയത്തിനൊപ്പം നിൽക്കും.

കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും നല്ലത് എൽ.ഡി.എഫ് അധികാരത്തിൽ തുടരുന്നതാണെന്ന് ജനങ്ങൾ ചിന്തിക്കും. കേരളത്തിന്റെ ഭാവിക്ക് നല്ലത് ഇടതുപക്ഷമാണ്. കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും സർക്കാർ സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കിയത്. അതെല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്.

 എൽ.ഡി.എഫ് എത്ര സീറ്റ് നേടും ?

കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം നേടും. സർക്കാരിനെതിരായ വികാരമില്ല. അനുകൂല നിലപാടാണ് ജനങ്ങൾക്ക്. അതുകൊണ്ട് തന്നെ വീണ്ടും എൽ.ഡി.എഫ് സർക്കാർ വരും.

 സി.പി.എം- ബി.ജെ.പി ഡീലെന്ന കോൺഗ്രസ് ആരോപണം?

കോൺഗ്രസ് എപ്പോഴും ചെയ്യുന്നത് മറ്റുള്ളവരുടെ പേരിൽ ആരോപിക്കുകയാണ്. അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫാണ് അത്തരം ഡീലുണ്ടാക്കിയത്. എത്രയോ കാലമായി അവരത് ചെയ്യുന്നു. എൽ.ഡി.എഫ് രാഷ്ട്രീയം ബി.ജെ.പിയുമായി ഡീലുണ്ടാക്കാൻ കഴിയുന്നതല്ല.

 തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രമുഖ നേതാക്കൾ പാർട്ടിവിട്ടല്ലോ?

വഞ്ചനയുടെയും അവസരവാദത്തിന്റെയും രാഷ്ട്രീയം ആരെടുത്താലും കേരളം അംഗീകരിക്കില്ല. ഒരടിസ്ഥാനവുമില്ലാതെ, സീറ്റിന്റെ കാര്യത്തിൽ തർക്കിച്ച് പുറത്തുപോയവരെ ജനം സ്വീകരിക്കില്ല. തെറ്റായ പ്രവണതകളെ തള്ളിപ്പറഞ്ഞ് പാഠം പഠിപ്പിക്കും. നിൽക്കുന്നിടത്ത് ഉള്ളതിനേക്കാൾ സ്ഥാനങ്ങൾ പ്രതീക്ഷിച്ചാണ് മറ്റൊരിടത്തേക്ക് പോയത്. ഇത് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്.

 കൊട്ടാരക്കരയിലെ പ്രതീക്ഷ?

എൽ.ഡി.എഫ് ഉജ്ജ്വല വിജയം നേടും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കൊട്ടാരക്കരയിൽ നടപ്പാക്കി. അത് ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. മികച്ച ഭൂരിപക്ഷം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA