തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കിഫ്ബി കടമെടുപ്പിൽ അന്നത്തെ ധനമന്ത്രി കെഎൻ ബാലഗോപാൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ട്. കടമെടുപ്പ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആശങ്കകൾ മറികടന്നാണ് കഴിഞ്ഞ സർക്കാർ കടമെടുപ്പ് നടപടികളുമായി മുന്നോട്ടുപോയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു.
മുൻ ധനമന്ത്രി ആശങ്കകൾ അറിയിച്ചിട്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജന്റെ തീരുമാനപ്രകാരമായിരുന്നു. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. ബാലഗോപാലിന്റെ അഭിപ്രായം വിദഗ്ദ്ധ സമിതി അവരുടെ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്.
വായ്പാ തിരിച്ചടവിനും ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി വരുംവർഷങ്ങളിലേക്ക് സംസ്ഥാനത്തിന് കിഫ്ബി വരുത്തിയ ബാദ്ധ്യത 70,415.54 കോടിയെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. വായ്പാ തിരിച്ചടവ് 2041-42 വരെ തുടരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടാതെയുള്ള ബാദ്ധ്യതയാണിത്. കഴിഞ്ഞ പത്തു വർഷക്കാലത്തെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളിലെ ഭരണ സംവിധാനത്തെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തി.
വായ്പകളുടെ കൂടിയ പലിശമൂലം പ്രതിവർഷം 396 കോടി അധിക ചെലവുണ്ടാക്കി. മസാല ബോണ്ട് ഇനത്തിൽ 181.73 കോടിയും അധികച്ചെലവ് വന്നു. 2022 മുതൽ കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ, അവയ്ക്ക് സർക്കാർ ഗ്യാരന്റി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, 2023 ജൂൺ 6ന് അന്നത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനവകുപ്പ് തീരുമാനം മറികടന്നു. ധനവകുപ്പിന്റെ തീരുമാനത്തെ മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു മാത്രമാണ്.
കിഫ്ബിയുടെ മുൻ സി.ഇ.ഒ തന്നെ എക്സ് ഒഫിഷ്യോ സെക്രട്ടറിയായി പ്രവർത്തിച്ചതും കൺസൾട്ടൻസികൾക്ക് പണം നൽകിയതിലെ സുതാര്യതയില്ലായ്മയും ഭൂമിയേറ്റെടുക്കലുകളിലെ ക്രമക്കേടുകളും ഗുരുതരമായ ചട്ടലംഘനങ്ങളാണ്.
K.N. Balagopal reportedly warned that KIIFB borrowings could affect Kerala’s finances, but the government proceeded with the plan under Pinarayi Vijayan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |