
കോഴിക്കോട്: നാലു വർഷ ബിരുദ കോഴ്സുകളുടെ പരീക്ഷാ മൂല്യനിർണയവും അനുബന്ധ ജോലികളും കോളേജുകൾക്കായതോടെ ജോലിഭാരത്തിൽ വലഞ്ഞ് അദ്ധ്യാപകർ. ഒന്നാം സെമസ്റ്റർ പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞു. ചോദ്യപേപ്പർ അച്ചടി, പരീക്ഷാനടത്തിപ്പ്, മൂല്യനിർണയം, മാർക്ക് ലിസ്റ്റ് തയ്യാറാക്കൽ, യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ മാർക്ക് അപ് ലോഡ് ചെയ്യൽ തുടങ്ങിയ എല്ലാ ജോലികളും കോളേജിൽത്തന്നെയാണ് ചെയ്തത്. രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷാനടത്തിപ്പും കോളേജുകൾക്കാണെന്നാണ് സൂചന. മിക്ക സർക്കാർ കോളേജുകളിലും ഇതിനുള്ള സൗകര്യമില്ല.
മൂന്നു വർഷ കോഴ്സുകളുടെ ചോദ്യപേപ്പറുണ്ടാക്കുന്നതും മൂല്യനിർണയ നടപടികളും മാർക്ക് അപ് ലോഡിംഗുമെല്ലാം യൂണിവേഴ്സിറ്റികൾ നേരിട്ടാണ് നടത്തുന്നത്. എന്നാൽ നാല് വർഷ കോഴ്സുകളുടെ ഫലപ്രഖ്യാപനം മാത്രമാണ് സർവകലാശാലകൾ നിർവഹിക്കുന്നത്.
ഓരോ വിഷയത്തിനും പത്തോളം ചോദ്യപേപ്പറുകൾ കോളേജുകളിലെ അദ്ധ്യാപകരെക്കൊണ്ടു ചെയ്യിച്ച് അവയിലൊന്ന് സർവകലാശാല തിരഞ്ഞെടുക്കും. ചോദ്യം അച്ചടിക്കുന്നതു മുതൽ മാർക്ക് വെബ്സൈറ്റിൽ ചേർക്കുന്നതുവരെയുള്ള ജോലികൾ കോളേജിൽത്തന്നെ ചെയ്യണം. ഇതിന് ക്ളറിക്കൽ ജീവനക്കാരില്ല. അദ്ധ്യാപന- പഠന പ്രവർത്തനത്തിന്റെ ഭാഗമാണിതെന്നാണ് വാദം. ചോദ്യപേപ്പർ തയ്യാറാക്കി നൽകിയതിന്റെ പ്രതിഫലവും മൂല്യനിർണയ വേതനവും നൽകുന്നില്ലെന്നും അദ്ധ്യാപകർ പരാതിപ്പെടുന്നു. അതേസമയം നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാഫീസ് മൂന്നിരട്ടിയോളം കൂട്ടിയിട്ടുമുണ്ട്.
ഗസ്റ്റ് അദ്ധ്യാപകരുടെ കാലാവധി തീരുന്നു
രഹസ്യ സ്വഭാവത്തോടെയായിരിക്കണം ചോദ്യപേപ്പറുണ്ടാക്കേണ്ടതെന്നാണ് അദ്ധ്യാപകർക്കുള്ള നിർദ്ദേശം. ഇത് എത്രകണ്ട് പ്രായോഗികമെന്നും സംശയമുണ്ട്. പല കോളേജുകളിലും ഗസ്റ്റ് അദ്ധ്യാപകരുടെ സേവനമുണ്ട്. മാർച്ച് അവസാനത്തോടെ ഇവരുടെ കാലാവധി കഴിയും. ഈ സാഹചര്യത്തിലാണ് ഏപ്രിൽ മുതലുള്ള രണ്ടാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളേജുകളിൽത്തന്നെ നടത്തണമെന്നുള്ള നിർദ്ദേശം.
ഓഡ് സെമസ്റ്ററടക്കം മുഴുവൻ പരീക്ഷകളുടെയും ഉത്തരവാദിത്വം യൂണിവേഴ്സിറ്റി തന്നെ ഏറ്റെടുക്കണം. മുമ്പത്തെപ്പോലെ ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്ത് കോളേജുകളിലെത്തിക്കണം.
- ഡോ. ജാഫർ സാദിഖ്,
സംസ്ഥാന പ്രസിഡന്റ്
ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |