
മലപ്പുറം: വിവാഹച്ചെലവുകൾക്കുള്ള പണം കണ്ടെത്താൻ പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയ യുവാവ് വിവാഹ ദിനത്തിലും തിരിച്ചെത്തിയില്ല. പള്ളിപ്പുറം കുറുന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ്(30) ഈ മാസം നാലു മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. എട്ട് വർഷമായി പ്രണയിക്കുന്ന യുവതിയുമായി ഇന്നലെയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് എസ്.പി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. കാണാതായ സമയത്ത് വിഷ്ണുജിത്തുവിന്റെ കൈവശം ഒരു ലക്ഷം രൂപയുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.
നാല് മാസം മുമ്പ് വരെ പാലക്കാട് പുതുശ്ശേരി കഞ്ചിക്കോട്ടെ ഐസ്ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാവിലെ ആറിനാണ് വീട്ടിൽ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ടത്. പുറത്തുപോവുകയാണെന്ന് മാത്രം പറഞ്ഞു. അമ്മ നൽകിയ 500 രൂപയേ കൈവശമുണ്ടായിരുന്നുള്ളൂ. പണം സംഘടിപ്പിക്കാനാണ് പോയതെന്ന കാര്യം പിന്നീടാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. രാത്രി എട്ടോടെ താൻ പാലക്കാട് നിന്ന് പുറപ്പെടുന്നേയുളളൂവെന്നും പിതാവിന്റെ സഹോദരന്റെ വീട്ടിൽ കിടന്ന ശേഷം വീട്ടിലേക്ക് വരാമെന്നും അറിയിച്ചു. രാവിലെയും കാണാതായതോടെ ബന്ധു വീട്ടിൽ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. വിഷ്ണുവിന്റെ ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബം പാലക്കാട്ടെ സുഹൃത്തിനെ വിളിച്ചു. ഒരു ലക്ഷം രൂപ കൊടുത്തതായും കഞ്ചിക്കോട് നിന്ന് പാലക്കാട് ടൗണിലേക്ക് പോയതായും സുഹൃത്ത് അറിയിച്ചെന്ന് പിതാവ് ശശീന്ദ്രൻ പറഞ്ഞു. വിഷ്ണുവിന്റെ സഹോദരിയും ഭർത്താവും പൊലീസിനൊപ്പം പാലക്കാട്ടെത്തി അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തിയ വിഷ്ണു പിന്നീട് പുതുശ്ശേരിയിലേക്ക് തിരികെയെത്തിയെന്ന് ഫോൺ ടവർ ലൊക്കേഷനിൽ കണ്ടെത്തിയിട്ടുണ്ട്. ചില പ്രശ്നങ്ങൾ തീർക്കാനുണ്ടെന്നും താൻ ഉടൻ തിരിച്ചുവരുമെന്നുമാണ് പാലക്കാട്ടേക്ക് പോയപ്പോൾ പ്രതിശ്രുത വധുവിനോട് പറഞ്ഞിരുന്നത്. താൻ ഒരാൾക്ക് പൈസ കൊടുക്കാനുണ്ടെന്നും , കൊടുത്തില്ലെങ്കിൽ ചില പ്രയാസങ്ങൾ ഉണ്ടാവുമെന്നും നാട്ടിലെ സുഹൃത്തിനോട് ഫോൺ വിളിച്ച് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ആർക്കാണ് പണം കൊടുക്കാനുള്ളതെന്ന് വ്യക്തമാക്കിയില്ല. നാട്ടിൽ വന്നശേഷം പറയാമെന്ന് പറഞ്ഞു. വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണ് വിവരമെന്നും, അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എസ്.പി എസ്.ശശിധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |