SignIn
Kerala Kaumudi Online
Friday, 23 October 2026 9.04 AM IST

എ.സി കൂടുതൽ കറണ്ട് വിഴുങ്ങാതിരിക്കാൻ

air-conditioners

തിരുവനന്തപുരം: ചൂടിനൊപ്പം എ.സി വിപണിയും ഉണർന്നു. കഴിഞ്ഞ വർഷം 1.5 ലക്ഷം എ.സിയാണ് മാർച്ചിനും മേയ്ക്കുമിടയിൽ വിറ്റുപോയത്. ഇത്തവണ അതിലും കൂടിയേക്കുമെന്നാണ് കടകളിലെ തിരക്കുവച്ച് വ്യാപാരികൾ പറയുന്നത്.

എ.സി വയ്ക്കുമ്പോൾ വൈദ്യുതിച്ചെലവാണ് പ്രധാന വില്ലൻ. കേരളത്തിൽ വിറ്റുപോകുന്നതിൽ 80 ശതമാനവും ത്രീസ്റ്റാർ റേറ്റിംഗുള്ള ഒരു ടണ്ണിന്റെ എ.സിയാണ്. വിലക്കുറവാണ് ത്രീ സ്റ്റാറിന്റെ ആകർഷണം. 24000 രൂപയാണ് ശരാശരി വില. പക്ഷേ, വൈദ്യുതി കൂടുതൽ ചെലവാകുമെന്നോർക്കണം. വേനൽ മാസങ്ങളിൽ ഇത്തവണ രാത്രികാല വൈദ്യുതി ഉപഭോഗത്തിന് 25 ശതമാനം അധിക നിരക്കുമുണ്ട്.

ഒരു ടൺ എ.സി 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. ഒരുമാസം 180 യൂണിറ്റ് അധികം. ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി ഉപഭോഗം 250 യൂണിറ്റാണ്. അപ്പോൾ, ദ്വൈമാസ ബില്ലിൽ എ.സിവഴിയുണ്ടാകുന്ന വർദ്ധന ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ ഷോക്ക് കുറയ്ക്കാൻ കെ.എസ്.ഇ.ബി ചില പൊടിക്കൈകൾ നിർദ്ദേശിക്കുന്നു.

രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് എ.സി ഓൺ ആക്കി ഫാനും ഇടണം. വാതിലും ജനലും നന്നായി അടച്ച് വേണം എ.സി ഓണാക്കേണ്ടത്. ഇതിലൂടെ എ.സി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം. പുറംചുമരുകളിലും ടെറസ്സിലും വെള്ള പെയിന്റടിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ നടുന്നതും അകത്തെചൂട് കുറയ്ക്കും.

24 ഡിഗ്രി സെറ്റുചെയ്യൂ

വൈദ്യുതി 5% ലാഭിക്കൂ
 മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായ എ.സി വാങ്ങുക. 5സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമം
 എ.സി വച്ച മുറിയിലെ വെന്റിലേഷൻ ഉൾപ്പെടെ അടച്ച് പുറത്തെ വായു കടക്കുന്നില്ലെന്ന് ഉറപ്പാക്കണം
 ഫിലമെന്റ് ബൾബ് പോലെ ചൂട് പുറപ്പെടുവിക്കുന്ന വൈദ്യുതി ഉപകരണങ്ങൾ മുറിയിൽ ഒഴിവാക്കണം
 എ.സി ടെംപറേച്ചർ സെറ്റിംഗ് 24- 25 ഡിഗ്രിയാണുത്തമം. ഇതിലൂടെ 5% വൈദ്യുതി ഉപയോഗം കുറയും
 എ.സി ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക. കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായുസഞ്ചാരം വേണം
 കണ്ടെൻസർ യൂണിറ്റ് തെക്ക്- പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കരുത്. കൂടുതൽ വെയിൽ ഈ ഭാഗത്താണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA