
തിരുവനന്തപുരം : അരുംകൊല ചെയ്ത് അറപ്പു മാറാത്ത അഫാൻ ആശുപത്രിയിലും അക്രമാസക്തൻ. ഡോക്ടറെയും പൊലീസുകാരെയും അക്രമിക്കാൻ ശ്രമിക്കുന്നതിനാൽ കൈകളിൽ വിലങ്ങിട്ട് കാലുകൾ രണ്ടും കട്ടിലിൽ കെട്ടിയിട്ടാണ് ആശുപത്രിയിൽ കിടത്തിയിരിക്കുന്നത്. മെഡിക്കൽ പേ വാർഡിൽ പൊലീസ് വലയത്തിലാണ് പ്രതി. മയക്കത്തിനുള്ള മരുന്നും ട്രിപ്പിലൂടെ നൽകുന്നുണ്ട്.
രക്തത്തിൻെറയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. ചികിത്സയോട് ഒരു തരത്തിലും സഹകരിക്കാത്തിനാൽ അബോധാവസ്ഥയിലാക്കിയാണ് സാമ്പികളുകൾ ശേഖരിച്ചത്. ഇയാൾ ലഹരിക്ക് അടിമയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ പരിശോധാ ഫലങ്ങൾ എത്തിയാലേ വ്യക്തത വരൂ.
എലിവിഷം കഴിച്ചെന്ന് അഫാൻ പൊലീസിനോട് പറഞ്ഞതനുസരിച്ച് തിങ്കളാഴ്ച രാത്രി തന്നെ വയറ് കഴുകാനുള്ള നടപടികൾ തുടങ്ങി. എന്നാൽ ആർക്കും അടുത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. വിലങ്ങുണ്ടെങ്കിലും അത്യാഹിത വിഭാഗത്തിൽ കണ്ണിൽ കണ്ടതെല്ലാം ചവിട്ടി തെറിപ്പിച്ചും തള്ളിയിട്ടും തെറി വിളിച്ചും ഭീതി പരത്തി. ജീവനക്കാരും പൊലീസുകാരും പണിപ്പെട്ട് തുണി കൊണ്ട് കാലുകൾ കൂട്ടിച്ചേർത്ത് കെട്ടി. മയക്കത്തിനുള്ള മരുന്നും നൽകിയാണ് പേവാർഡിലെത്തിച്ചത്. തുടർന്ന് വയറു കഴുകി സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഫലങ്ങൾ ഇന്ന് ലഭ്യമാകും.
വിഷം കഴിച്ചെന്ന നിഗമനത്തിൽ ഇന്നലെ ഭക്ഷണം നൽകിയില്ല. ട്രിപ്പ് മാത്രമാണ് നൽകുന്നത്. ബോധം വരുമ്പോഴെല്ലാം ബലപ്രയോഗത്തിലൂടെ മറ്റുള്ളവരെ ഉപദ്രവിക്കാനാണ് ഇന്നലെ രാത്രിയും ശ്രമിച്ചത്. പരിശോധനാ സാമ്പിളുകളുടെ ഫലത്തിൽ എല്ലാ ലഹരി വസ്തുക്കളുടെയും സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയില്ല. എലി വിഷം സാവധാനം പ്രവർത്തിക്കുന്നതിനാൽ നാലു ദിവസം പ്രധാനമാണ്. നാലാം ദിവസമാകും അപകടമുണ്ടാകുക. വയറ് കഴുകിയതിന് പിന്നാലെ വിഷത്തിന് എതിരായ മരുന്നുകളും നൽകുന്നുണ്ട്. മയക്ക് മരുന്നുകളുടെ സാന്നിദ്ധ്യമല്ലെങ്കിൽ അസാധാരണമായ മാനസിക വിഭ്രാന്തിയായിരിക്കും പ്രതിക്കെന്നും ഡോക്ടർമാർ വിലയിരുത്തുന്നു. രക്തം കണ്ട് അറപ്പു മാറാതെ മണിക്കൂറുകളോളം അതേ മാനസികാവസ്ഥയിൽ തുടർച്ചയായി ജീവനെടുക്കുന്നത് ചെറിയ മാനസിക പ്രശ്നമുള്ളവർക്ക് പോലും സാധിക്കില്ല. അതിനാലാണ് അസാധാരണമായ മാനസിക വിഭ്രാന്തിയോ കൂടിയ അളവിൽ വീര്യം കൂടിയ ലഹരിയോ ആണ് കൊലയ്ക്ക്
പ്രേരകമെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |