SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

തൊഴിലവസരങ്ങളുമായി കാർഷിക കോഴ്സുകൾ

p

വിദ്യാർത്ഥികൾക്ക് കാർഷിക കോഴ്സിൽ സാദ്ധ്യതകളും തൊഴിലവസരങ്ങളും ധാരാളമാണ്. കൃഷി അഗ്രിബിസിനസ്സിലേക്കു മാറുമ്പോൾ സേവന മേഖലയിലാണ് തൊഴിലവസരങ്ങൾ ഏറെയുള്ളത്. ഭക്ഷ്യസംസ്കരണവും ഭക്ഷ്യറീട്ടെയിലും ഉൾപ്പെടുന്നു. എഫ്.പി.ഒ നയം രാജ്യത്ത് രൂപപ്പെട്ടതോടെ അഗ്രി ബിസിനസ്സ് മാനേജ്മെന്റിനും പ്രസക്തിയേറി. രാജ്യത്ത് പ്രതിവർഷം പതിനായിരത്തിലധികം കർഷക ഉത്പാദക സംഘടനകൾ അഥവാ എഫ്.പി.ഒ കൾ രൂപപ്പെട്ടു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉത്പാദനം, സംസ്കരണം, ഗുണനിലവാരം വിലയിരുത്തൽ, മാർക്കറ്റിംഗ്, കയറ്റുമതി എന്നിവയിൽ കാർഷിക ബിരുദധാരികൾക്ക് ഏറെ അവസരങ്ങളുണ്ട്. അക്കാഡമിക്, ഗവേഷണ മേഖലകളിൽ കാർഷിക കോഴ്സുകളിൽ ഉന്നത ബിരുദം നേടിയവർക്ക് ലോകത്തെമ്പാടും അവസരങ്ങളുണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നെറ്റ്/ JRF/SRF പരീക്ഷയെഴുതി കാർഷിക സയന്റിസ്റ്റാകാം.

കാർഷിക കോഴ്സുകൾ

കാർഷിക കോഴ്സുകളിൽ ബി. എസ് സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ , ഫോറസ്ട്രി , ബി.വി.എസ് സി & എ. എച്ച്, ബി.എഫ്. എസ് സി, ബി. ടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഡെയറി ടെക്നോളജി, ബി. എസ് സി കോ-ഓപ്പറേഷൻ & ബാങ്കിങ്, ക്ലൈമറ്റോളജി, ബയോടെക്നോളജി എന്നിവ ഉൾപ്പെടുന്നു. വെറ്റിനറി സയൻസ് പഠിച്ചവർക്ക് രാജ്യത്തിനകത്തും, വിദേശത്തും മൃഗചികിത്സ ഗവേഷണ രംഗത്ത് അവസരങ്ങളുണ്ട്. സ്വയം തൊഴിൽ, സ്വകാര്യ, സംരംഭകത്വ സ്റ്റാർട്ടപ്പ് മേഖലയിലും എം.എസ്.എം.ഇ യിലും അവസരങ്ങളുണ്ട്.

എഫ്.പി.ഒകൾ വിജയകരമായി പ്രവർത്തിക്കാൻ സി.ഇ.ഒ മാർ വേണം. ഇതിലേക്കായി അഗ്രിബിസ്സിനസ് മാനേജ്‌മന്റ് വിദഗ്ധരെ ലഭിക്കാനാണ് താത്പര്യപ്പെടുന്നത്. അഗ്രിബിസിനസ്സിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കാൻ ഇവർക്ക് കഴിയും. ഇതിനാനുപാതികമായി ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും, അഗ്രി ബിസിനസ് കമ്പനികളും നിലവിൽ വരുന്നു. എന്നാൽ ആവശ്യത്തിന് വേണ്ട വിദഗ്ദ്ധരെ ഈ മേഖലയിൽ ലഭിക്കുന്നില്ല. എം.എസ്.എം.ഇ മേഖലയിൽ രൂപപ്പെടുന്ന സംരംഭങ്ങളിൽ 75 ശതമാനവും അഗ്രിക്കൾച്ചർ രംഗത്താണ്.

കാർഷിക മാനേജ്‌മെന്റ്

കാർഷിക മാനേജ്‌മെന്റ് രംഗത്ത് തൊഴിൽ നല്കാൻ ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ദേശസാത്കൃത, സഹകരണ, സ്വകാര്യ ബാങ്കുകൾ തയ്യാറാണ്. കാർഷിക മേഖലയിലെ നിർമ്മാതാക്കൾ, സേവന ദാതാക്കൾ, ഫെർട്ടിലൈസർ കമ്പനികൾ, സാങ്കേതികവിദ്യ സേവന ദാതാക്കൾ, സാമ്പത്തിക സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയുണ്ട്. ഡ്രോൺ കമ്പനികൾ, കാർഷിക എൻജിനിയറിംഗ് കമ്പനികൾ, മഹീന്ദ്ര, സഹകരണ സംഘങ്ങൾ, ഇഫ്‌കോ, അമുൽ, ക്ഷീരോത്പാദക യൂണിയനുകൾ, റിലയൻസ്, ബിഗ് ബാസ്കറ്റ്, ഐ.ടി.സി, സിഗ്‌മെന്റ്, യു.പി.എൽ എന്നിവ ഇവയിൽപ്പെടുന്നു. ബാങ്കിംഗ് ഇൻഷ്വറൻസ് രംഗത്തും തൊഴിലവസരങ്ങളുണ്ട്. അക്കാഡമിക്, ഗവേഷണം എന്നിവയിൽ അഗ്രിബിസിനസ്സ് വിദഗ്ധർക്ക് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവ്വകലാശാലകൾ, കാർഷിക, സഹകരണ മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ അവസരങ്ങളേറെയുണ്ട്.

അഗ്രിബിസിനസ്സ് മാനേജ്മെന്റ് കോഴ്സുകൾ

അഗ്രിബിസിനസ്സ് മാനേജ്മെന്റ് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് മാനേജീരിയൽ തൊഴിലുകളാണ് ലഭിക്കുന്നത്. അതിനാൽ ബിരുദാനന്തര കോഴ്സുകളാണ് കൂടുതലായും ഇന്ത്യയിലുള്ളത്. ഏത് ബിരുദധാരിക്കും ചേരാവുന്ന ബിരുദാനന്തര കോഴ്സുകളുണ്ട്. കാർഷിക, വെറ്റിനറി, ഫിഷറീസ് മുതലായവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ചേരാവുന്ന അഗ്രിബിസിനസ്സ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്‌മന്റ്, റൂറൽ മാനേജ്‌മന്റ് കോഴ്സുകളുണ്ട്. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്മെന്റിലെ അഗ്രിബിസിനസ്സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാർഷിക, കാർഷിക അനുബന്ധ ബിരുദമാണ്. കേരള കാർഷിക സർവ്വകലാശാലയുടെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നടത്തുന്ന അഗ്രിബിസിനസ്സ്‌ മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. കാർഷിക, അനുബന്ധ ബിരുദധാരികൾക്ക് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റ് നടത്തുന്ന റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിനും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ് നടത്തുന്ന റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിനും ചേരാം.

ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി അഗ്രിബിസിനസ്സ് മാനേജ്‌മെന്റ് കോഴ്സുകൾ ന്യൂസിലാൻഡ്, നെതർലൻഡ്‌സ്‌, ഓസ്ട്രേലിയ, യു.കെ സർവകലാശാലകളിലുണ്ട്. നെതെർലാൻഡ്സിലെ ഹാസ്, വാഗെനിങ്കൻ സർവ്വകലാശാലകൾ, ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയ, യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. നിരവധി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്‌.

സാങ്കേതിക വിദ്യകൾക്കു സാദ്ധ്യതയേറും

കാർഷിക മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകൾ പ്രവർത്തികമാകും. അഡ്വാൻസ്ഡ് സാങ്കേതിക വിദ്യകൾ, ശാസ്ത്രീയ പരിചരണം, ഉത്പാദനവർദ്ധനവ്, മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണം, രോഗ നിയന്ത്രണം, വിപണനം എന്നിവയെ സഹായിക്കും. ഡ്രോൺ ടെക്നോളജി വളം, കീടനാശിനി എന്നിവ തളിക്കൽ, വിളനാശം വിലയിരുത്തൽ, രോഗ നിരീക്ഷണം, കീട നിയന്ത്രണം, പരിചരണം, കൂലിച്ചെലവ് കുറയ്ക്കൽ എന്നിവയെ സഹായിക്കും. നിർമ്മിത ബുദ്ധി, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ബ്ളോക്ക് ചെയിൻ ടെക്നോളജി, ഓട്ടോമേഷൻ എന്നിവ കാർഷിക മേഖലയിൽ കൂടുതലായി അവലംബിക്കും. ഇത് ഉല്പാദന വർദ്ധനവ്, ട്രൈസെബിലിറ്റി, റെസിഡ്യൂ മോണിറ്ററിംഗ് എന്നിവയെ സഹായിക്കും. സംരംഭകത്വം കാർഷിക മേഖലയിൽ കൂടുതലായി പ്രാവർത്തികമാകും. ഇതിന്റെ ഭാഗമായി അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററുകളും അഗ്രി സ്റ്റാർട്ടപ്പുകളും കൂടുതലായി കേരളത്തിൽ നിലവിൽ വരും. ഇവയിൽ 25 ശതമാനം സ്റ്റാർട്ടപ്പുകളും ഭക്ഷ്യ സംസ്കരണത്തിന് പ്രാധാന്യം നൽകും. നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഉത്പന്നങ്ങളും, കയറ്റുമതി ലക്ഷ്യമിട്ട ഉത്പന്നങ്ങളും കൂടുതലായി നിലവിൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA