SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

കുട്ടി ക്രൗര്യമകറ്റാൻ, ഊഷ്മള ബന്ധങ്ങൾക്കാവും

art

സമീപകാലത്തായി കുട്ടികളുടെ സ്വഭാവത്തിൽ സമൂഹത്തിന് അംഗീകരിക്കാനാവാത്ത മാറ്റങ്ങളാണ് ഉണ്ടാകുന്നത്. സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിക്കുന്നതും അദ്ധ്യാപകനുനേരെ വിരൽചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതും ആധുനികകാലത്തിന്റെ നേർക്കാഴ്ചകളാണ്. എന്തുകൊണ്ടാണ് കുട്ടികളിൽ ഇത്തരം പെരുമാറ്റ വ്യത്യാസങ്ങളുണ്ടാവുന്നത്. മൂന്നു പതിറ്റാണ്ടായി മനുഷ്യസ്വഭാവത്തിൽ എടുത്തുചാട്ടവും അക്ഷമയും കൂടിവരുന്നുണ്ട്. ആധുനിക ജീവിതസൗകര്യങ്ങളിൽ,​ പ്രധാനമായ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ പാർശ്വഫലമാണിത്.

30 കൊല്ലം മുമ്പ് ഒരു വിദ്യാർത്ഥിക്ക് ആഗ്രഹങ്ങൾ സഫലമാകാൻ അല്പസമയം വേണ്ടിവന്നിരുന്നു. ഉദാഹരണത്തിന് സിനിമ കാണണമെങ്കിൽ തിയേറ്രറിൽപ്പോയി ടിക്കറ്രെടുക്കണമായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ കാത്തുനിൽക്കണമായിരുന്നു. പ്രണയാഭ്യർത്ഥന നടത്തണമെങ്കിൽ മദ്ധ്യസ്ഥനെ ഏർപ്പാടാക്കിയോ കത്തയച്ച് മറുപടിക്കായി കാത്തിരിക്കുകയോ വേണമായിരുന്നു. കാത്തിരിപ്പിന്റെ സമയംകൊണ്ട് മനസിലെ ആഗ്രഹങ്ങൾ നടക്കാനും നടക്കാതിരിക്കാനുമുള്ള സാദ്ധ്യതകളുമായി സമരസപ്പെടാൻ തലച്ചോറിന് സമയം ലഭിച്ചിരുന്നു. ആഗ്രഹം നടന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് ചിന്തിക്കാനും അതിനനുസൃതമായി പ്ലാൻ ബി മനസിൽ രൂപീകരിക്കാനും സാധിച്ചു.

എന്നാൽ ആധുനിക ഡിജിറ്റൽ യുഗത്തിൽ ആഗ്രഹങ്ങളെല്ലാം ക്ഷിപ്രനേരംകൊണ്ട് സാദ്ധ്യമാകുന്നു. സിനിമ കാണലും ഭക്ഷണം കഴിക്കലുമെല്ലാം മെസേജുകൾകൊണ്ട് സാധിക്കും. ഇതിനാൽ ആഗ്രഹം സഫലമാകില്ലെന്ന സാദ്ധ്യതയുമായി പൊരുത്തപ്പെടാൻ തലച്ചോറിന് സമയം ലഭിക്കുന്നില്ല. അതിന്റെ ഫലമായി രക്ഷിതാവ് മൊബൈൽ പിടിച്ചുവാങ്ങുമ്പോഴും പറയുന്ന കാര്യങ്ങൾ സഹപാഠി ചെയ്യാതിരിക്കുമ്പോഴും കുട്ടികൾ അക്രമോത്സുകമായി പ്രതികരിക്കുന്നു.

ഇതോടൊപ്പം രംഗപ്രവേശം ചെയ്ത കാര്യമാണ് കുട്ടികളിലെയും കൗമാരപ്രായക്കാരിലെയും സാമൂഹ്യവിച്ഛേദനം അഥവാ സോഷ്യൽ ഡിസ്‌കണക്ഷൻ. മൂന്നു പതിറ്റാണ്ടു മുമ്പുള്ള വിദ്യാർത്ഥിക്ക് സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടലായിരുന്നു ഏറ്റവും സന്തോഷമുള്ള കാര്യം. ഇന്ന് സന്തോഷത്തിന് സുഹൃത്തുക്കൾ വേണമെന്നില്ല. ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ അവനവനിലേക്ക് ചുരുങ്ങിപ്പോകുന്ന കുട്ടികളാണ് ഇന്നിന്റെ പ്രത്യേകത. ഇവർക്ക് മറ്റുള്ളവരുടെ വൈകാരികാവസ്ഥകൾ മനസിലാക്കി പ്രതികരിക്കാനുള്ള എംപതി അഥവാ അനുതാപം കുറവായിരിക്കും. അദ്ധ്യാപകനുനേരെ ശബ്ദമുയർത്തുകയും മാതാവിനെ അടിച്ചുകൊല്ലുകയും സഹപാഠിയെ കുത്തുകയുമൊക്കെ ചെയ്യുന്ന കൗമാരപ്രായക്കാർ അനുതാപമില്ലായ്‌മയുടെ നേർക്കാഴ്ചകളാണ്.

ക്രൗര്യമകറ്റാൻ പോംവഴി

വിദ്യാർത്ഥി സമൂഹത്തെ ഊഷ്‌മളമായ വ്യക്തിബന്ധങ്ങളിലേക്ക് എത്തിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി. ഹാർവാർഡ‌് സർവകലാശാലയുടെ മനുഷ്യവികസന പഠനം പറയുന്നത് മനുഷ്യരുടെ ആയുർദൈർഘ്യത്തെ ഏറ്രവും കൂടുതൽ വർദ്ധിപ്പിക്കുന്ന ഘടകം കുട്ടിക്കാലത്തും കൗമാരപ്രായത്തിലും വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണെന്നാണ്. ചിട്ടയായ വ്യായാമത്തേക്കാളും ആരോഗ്യകരമായ ഭക്ഷണക്രമത്തേക്കാളും ആയുർദൈർഘ്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നതായി പഠനം അടിവരയിട്ട് പറയുന്നു. വീടുകളിൽ കുട്ടികൾക്ക് ഊഷ്‌മളമായ വൈകാരികബന്ധങ്ങൾ വികസിപ്പിക്കാനുള്ള പരിശീലനം ചെറുപ്രായത്തിൽത്തന്നെ നൽകണം. തീവ്രമായ മത്സരബുദ്ധിയിലേക്ക് തള്ളിവിടാതെ പരസ്‌പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ള പരിശീലനമാവണം നൽകേണ്ടത്. മാതാപിതാക്കൾ ദിവസം അരമണിക്കൂറെങ്കിലും കുട്ടികൾ പറയുന്നത് കേൾക്കാൻ നീക്കിവയ്ക്കണം. അവരുടെ പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കാനുള്ള ഗൗരവമായ പരിശ്രമം നടത്തണം. കുട്ടികളുടെ നന്മയും മനുഷ്യത്വവും നിറഞ്ഞ പ്രവർത്തനങ്ങളെ പരസ്യമായി അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA