
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര പച്ചക്കറി ഉത്പാദനം 17.21 ലക്ഷം മെട്രിക് ടണായി ഉയർന്നെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 15 ലക്ഷം മെട്രിക് ടണ്ണായിരുന്നു. കേരളത്തിന് പ്രതിവർഷം 20ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് വേണ്ടത്. 2028-29ൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത കൃഷിക്കൊപ്പം ഹൈടെക് കൃഷിരീതികളും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പ് തുക കുറയ്ക്കില്ല : മന്ത്രി അബ്ദു റഹിമാൻ
ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന സ്കോളർഷിപ്പുകൾക്ക് ഭരണാനുമതി നൽകിയ തുക കുറയ്ക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും സാമുദായിക സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതവരുത്തിയ മന്ത്രിയുടെ മറുപടി. ന്യൂനപക്ഷ യുവജനങ്ങളിൽ അഭ്യസ്തവിദ്യർ നിരവധിയാണ്. സമന്വയം പദ്ധതി പൂർത്തിയാകുമ്പോൾ ഒരുലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭിക്കുമെന്നുമെന്നും മന്ത്രി പറഞ്ഞു.
റോഡ് സേഫ്റ്റി അതോറിട്ടിക്ക്കൂടുതൽ പണം നൽകാനാവില്ല
സംസ്ഥാന റോഡ് സേഫ്റ്റി അതോറിട്ടി ഇംപ്ലിമെന്റിംഗ് ഏജൻസിയല്ലെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു. ഒരു പരിധിയിൽ കൂടുതൽ പണം അതോറിട്ടിക്ക് നൽകാനാവില്ല. ബ്ലാക്ക് സ്പോട്ടുകൾ സംബന്ധിച്ച് പഠനം നടത്തേണ്ടത് പി.ഡബ്ല്യു.ഡി എൻജിനിയർമാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
22,733 വാഹനങ്ങൾക്ക് പിഴ ചുമത്തിയത് 1.13കോടി
കഴിഞ്ഞവർഷം സംസ്ഥാനത്ത് നിയമലംഘിച്ചതിന് 22,733 ഇരുചക്രവാഹനങ്ങൾക്ക് പിഴ ചുമത്തിയതായി മന്ത്രി ഗണേശ്കുമാർ അറിയിച്ചു. 5000രൂപ വീതം 1.13കോടി രൂപ പിഴ ഈടാക്കി. മഡ്ഗാഡ് രൂപമാറ്റം 4173, ഇൻഡിക്കേറ്റർ രൂപമാറ്റം 932, സൈലൻസർ രൂപമാറ്റം 8355, നമ്പർ പ്ലേറ്റ് രൂപമാറ്റം 8983, അമിത വേഗത 290 എന്നിങ്ങനെയാണ് കേസുകൾ. 418 ലൈസൻസുകളും ഒൻപത് വാഹനങ്ങളുടെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.
ഫോണിൽ സംസാരിച്ച്
റോഡ് മുറിച്ച് കടന്നാൽ
പിഴ
മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. പിഴചുമത്തണമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പൊലീസ് വകുപ്പാണ് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി ഇടപെട്ടാൽ അത് നടക്കും.
അപകടങ്ങളിൽ വർദ്ധനവുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാനായി. വാഹനപെരുപ്പത്തിനനുസരിച്ച് റോഡുകൾ വികസിക്കാത്തത് റോഡപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ സാങ്കേതികവശങ്ങൾ കൂടി ഡ്രൈവിംഗ് പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക്
അധിക ചുമതല
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വിവിധ വകുപ്പുകളിലെ അധിക ചുമതല നൽകി പൊതുഭരണ വകുപ്പ് ഉത്തരവായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല നൽകി.
മറ്റ് ഉദ്യോഗസ്ഥരും അധിക ചുമതലയും : കെ വാസുകി –- മൃഗസംരംക്ഷണ ക്ഷീരവികസന മ്യൂസിയം മൃഗശാല വകുപ്പ്, മിർ മുഹമ്മദ് അലി –- തുറമുഖ വകുപ്പ് സെക്രട്ടറി, ബി അബ്ദുൾ നാസർ –- ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഡി സജിത് ബാബു –- റവന്യൂ (ദേവസ്വം) വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സഫ്ന നസറുദ്ദീൻ –- ഫിഷറീസ് ഡയറക്ടർ, പി ബി നൂഹ് –- സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാൻ, കെ മീര –- എറണാകുളം ജില്ലാ വികസന കമ്മിഷൻ. റവന്യൂ (ദേവസ്വം) വകുപ്പ് ചുമതലയിൽ നിന്നു ടി വി അനുപമയെയും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതലയിൽ നിന്നു മിർ മുഹമ്മദ് അലിയെയും വിടുതൽ ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ചുമതലയിൽ ഷർമ്മിള മേരി ജോസഫ് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |