
ബംഗളൂരു: സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കാൻ ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ഇത്തരത്തിൽ കുടുക്കാൻ ശ്രമിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഒരു വ്യവസായിയാണ് ഇതിനായി എത്തിയതെന്നും രഹസ്യ ക്യാമറയിലൂടെ ദൃശ്യം പകർത്തുന്ന മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നതാണ് സംശയം ജനിപ്പിച്ചതെന്നും ശിവകുമാർ പറഞ്ഞു. വ്യവസായി ആരെന്ന് വെളിപ്പെടുത്തിയില്ല.
വ്യവസായത്തെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും അതു രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും ആയതോടെ സംശയം ബലപ്പെട്ടു. ഇതോടെ വ്യവസായിയെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകി. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചപ്പോഴും മെറ്റ ഗ്ളാസ് ധരിച്ചിരുന്നതായി റിപ്പോർട്ട് കിട്ടി. ആന്ധ്രാ മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരെ കണ്ടപ്പോൾ ആ ഗ്ലാസ് ധരിച്ചിരുന്നില്ല.
പത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലക്ഷ്യമിട്ട് സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ സ്വകാര്യ ഏജൻസിക്ക് കേന്ദ്രമന്ത്രിയും കർണാടക ബി.ജെ.പി നേതാവും പണം നൽകിയെന്ന് കോൺഗ്രസ് എം.എൽ.എ രവികുമാർ ആരോപിച്ചിരുന്നു.
കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉന്നംവച്ചുള്ള 'സ്റ്റിംഗ് ഓപ്പറേഷൻ' വീഡിയോകളെച്ചൊല്ലി വിവാദം ശക്തമാകുന്നതിനിടെയാണ് ഡി.കെയുടെ വെളിപ്പെടുത്തൽ. അതിനു പിന്നിൽ കോൺഗ്രസാണെന്നും പ്രതിപക്ഷ പാർട്ടികളാണെന്നും ആരോപണ പ്രത്യാരാേപണങ്ങൾ ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |