SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

ഇന്ത്യയിലുടനീളം അതീവ കൃത്യതയോടെ ഒരേസമയം, അമേരിക്കൻ ജി.പി.എസ് വേണ്ട

READ ENGLISH VERSION

dd

ന്യൂഡൽഹി: സെക്കൻഡുകളുടെ വ്യത്യാസംപോലും വരാത്ത രീതിയിൽ ഇന്ത്യയിൽ ഉടനീളം സമയം ഏകീകരിക്കുന്നു. മൊബൈലുകളിൽ കാണിക്കുന്ന സമയമാണ് ഇപ്പോൾ മിക്കവരും ആധാരമാക്കുന്നത്. അതാകട്ടെ അമേരിക്കൻ ജി.പി.എസിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയുടെ സ്വന്തം നാവിഗേഷനെ മാത്രം അടിസ്ഥാനമാക്കി സമയം ക്രമീകരിക്കാനാണ് തീരുമാനം.

നിലവിൽ റേഡിയോ സമയവും റെയിൽവേ സമയവും അടക്കം സെക്കൻഡുകൾ മുതൽ മിനിട്ടുകൾ വരെ വ്യത്യാസം കാണിക്കുന്നുണ്ട്.

ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. നിയമ, ഭരണ, വാണിജ്യ, ഔദ്യോഗിക രേഖകൾക്കുള്ള ഏക സമയ റഫറൻസായി ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (ഐ.എസ്.ടി) നിർബന്ധമാക്കുന്ന നിയമമാണിത്.

ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക്(നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ), നാഷണൽ ഫിസിക്കൽ ലബോറട്ടറി (എൻ.പി.എൽ), ഐ.എസ്.ആർ.ഒ എന്നിവയുമായി സഹകരിച്ചാണിത്. ടെലികമ്മ്യൂണിക്കേഷൻസ്, നാവിഗേഷൻ, പവർ ഗ്രിഡ് , ബാങ്കിംഗ്, ഡിജിറ്റൽ ഗവേണൻസ് തുടങ്ങിയ നിർണായക മേഖലകളിൽ ഒരേ സമയം ഉപയോഗിക്കാൻ അവസരമൊരുക്കും.

എല്ലാ സർക്കാർ ഓഫീസുകളും പൊതു സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും നെറ്റ്‌വർക്ക് ടൈം പ്രോട്ടോക്കോൾ, പ്രിസിഷൻ ടൈം പ്രോട്ടോക്കോൾ എന്നിവ വഴി ഐ.എസ്.ടിയുമായി സമന്വയിപ്പിക്കണം.

മുൻകൂർ അനുമതിയോടെ ശാസ്ത്രീയ, ജ്യോതിശാസ്ത്ര, നാവിഗേഷൻ ആവശ്യങ്ങൾക്ക് ഇളവു ലഭിക്കും. അല്ലാത്തവർക്ക് നിയമ ലംഘനത്തിന് പിഴ ചുമത്തും. ഉപഭോക്തൃ കാര്യ വകുപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് നിയമങ്ങളിൽ ഫെബ്രുവരി 14 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

വിദേശത്തെ ആശ്രയിക്കേണ്ട

 ഇന്ത്യയ്‌ക്ക് സ്വന്തമായതും കൃത്യവും വിശ്വസനീയവുമായ സമയശൃംഖല. വിദേശ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം,

പവർ ഗ്രിഡുകൾ, ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, പ്രതിരോധം, ഗതാഗതം തുടങ്ങിയ മേഖലകൾക്ക് പ്രയോജനകരം.

സെക്കൻഡുകൾക്കുള്ളിൽ സംഭവിക്കുന്ന

സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാം.

ഉപഗ്രഹങ്ങളും അറ്റോമിക്

ക്ളോക്കും സമയം പറയും

11 ഉപഗ്രഹങ്ങളും വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ആറ്റമിക് ക്ളോക്കുകളും അടങ്ങിയതാണ് നാവിക്. നാവിക് സംവിധാനത്തെ ഡൽഹി അതിർത്തിയിലെ ഫരീദാബാദിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറിയുമായി(എൻ.പി.എൽ) ബന്ധിപ്പിക്കും. നാവിക്കിൽ നിന്ന് ലഭിക്കുന്ന സമയം എൽ.പി.എല്ലിൽ നിന്ന് അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വർ, ഗുവാഹത്തി എന്നീ നാല് കേന്ദ്രങ്ങളിലെ ആറ്റമിക് ക്ളോക്കുകളിലേക്ക് ഒപ്റ്റിക് ഫൈബർ ലിങ്ക് വഴി പങ്കിടും.

ഫരീദാബാദ്, അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വർ കേന്ദ്രങ്ങളിലെ ആറ്റോമിക് ക്ലോക്കുകളുടെ പ്രവർത്തനസജ്ജമായി. ഫരീദാബാദിലെ എൻ‌.പി‌എല്ലുമായുള്ള നാവിക് ലിങ്ക് പരീക്ഷണവും വിജയകരം.

ഡിജിറ്റൽ വാച്ചുകൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നാല് കേന്ദ്രങ്ങളിലെയും അതത് കേന്ദ്രങ്ങളിലെ ആറ്റോമിക് ക്ലോക്കുകളെ അടിസ്ഥാനമാക്കിയുള്ള സമയം ഉറപ്പാക്കും.

അറ്റോമിക് ക്ളോക്ക്

അസാധാരണമായ കൃത്യത. ആറ്റങ്ങളുടെ ചലനത്തെ അടിസ്ഥാനമാക്കി അതിസൂക്ഷ്മമായി പ്രവർത്തിക്കുന്നു. പിശക് വരുന്നത് 100 ദശലക്ഷം വർഷത്തിൽ ഒരു സെക്കൻഡ് മാത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATOMIC CLOCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA