SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

ലോക്‌സഭാംഗങ്ങളുടെ എണ്ണം കൂട്ടരുതെന്ന വാദത്തിൽ യുക്തിയില്ല: എം.എ.ബേബി

bc

തിരുവനന്തപുരം: 2001-02ൽ 103 കോടിയായിരുന്ന ഇന്ത്യയിലെ ജനസംഖ്യ ഇപ്പോൾ 146 കോടിയായി വർദ്ധിച്ച സാഹചര്യത്തിൽ ലോക്‌സഭാ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പാടില്ല എന്ന് വാദിക്കുന്നതിൽ യുക്തിയില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ആനുപാതികമായ വർദ്ധനയാണ് വേണ്ടത്. കേരളകൗമുദി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി.സി.ജോജോയുടെ സ്മരണയ്ക്കായി രൂപീകരിച്ച ബി.സി.ജോജോ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'ലോക്‌സഭാ മണ്ഡല പുനർനിർണയവും സംസ്ഥാനങ്ങളും' എന്നതായിരുന്നു വിഷയം.

22ന് ചെന്നൈയിൽ ചേർന്ന മുഖ്യമന്ത്രിമാരുടേയും വിവിധ പാർട്ടി നേതാക്കളുടേയും യോഗം മണ്ഡല പുനർനിർണയ തീരുമാനം മരവിപ്പിക്കണമെന്ന പോംവഴിയാണ് നിർദ്ദേശിച്ചത്.

ഞാൻ പ്രവർത്തിക്കുന്ന പാർട്ടി ഒരു പോംവഴി കൂടി അവതരിപ്പിച്ചു. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാം. 543 സീറ്റ് 800 ആകുമ്പോൾ ഓരോ സംസ്ഥാനത്തിനും സീറ്റിന്റെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനയുണ്ടാകണം. ഇന്ത്യയിൽ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ ഒരോ സാഹചര്യത്തേയും തങ്ങളുടെ സമ്പൂർണ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് പരിശോധിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഇതിന് തയ്യാറാകില്ല.

സാമൂഹ്യജീവിത മേന്മയുടെ ഫലമായിട്ടാണ് ജനസംഖ്യാനിയന്ത്രണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായത്. രാഷ്ട്രത്തിന്റെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി പ്രവർത്തിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറയുക, സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ വ്യത്യസ്ത കാരണങ്ങളാൽ സാധിക്കാതെ പോയ സംസ്ഥാനങ്ങൾക്ക് കൂടുതൽ അംഗങ്ങളുണ്ടാകുക എന്നത് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിൽ തന്നെ 21-ാം നൂറ്റാണ്ടിൽ ജീവിച്ച പത്രപ്രവർത്തകനായിരുന്നു ബി.സി.ജോജോ എന്ന് ബി.സി.ജോജോ സ്മാരക ട്രസ്റ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാൽ പറ‌ഞ്ഞു. മാദ്ധ്യമ പ്രവർത്തകരിലെ ഒറ്റയാൻ ആയിരുന്നു ബി.സി.ജോജോ എന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദേശത്തിൽ അറിയിച്ചു. മന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈറാണ് സന്ദേശം വായിച്ചത്.

ട്രസ്റ്റ് പ്രസിഡന്റ് എം.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. കവി പ്രഭാവർമ്മ, മീഡിയ അക്കാ‌ഡമി ചെയർമാൻ ആർ.എസ്.ബാബു, ട്രസ്റ്റ് സെക്രട്ടറി എം.ബി.സന്തോഷ്, ട്രഷറർ ഡോ.സുരിരാജൻ പാലയ്ക്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BCJOJO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA