SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

കേരളം ഇനി തനി മലയാളം , ഔദ്യോഗിക ഭാഷ ബില്ലിൽ ഗവർണർ ഒപ്പിട്ടു

a

തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കാൻ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.വി. ആർലേക്കർ ഒപ്പിട്ടു. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും. കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ഹനിക്കുമെന്നതിനാൽ ബില്ലിൽ ഒപ്പിടരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു.

1969ലെ ഔദ്യോഗിക ഭാഷ ആക്ട് പ്രകാരം കേരളത്തിന്റെ ഭരണഭാഷ ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ആണ്. ഇത്‌ റദ്ദാക്കി മലയാളം മാത്രമാക്കാനാണ്‌ ബില്ലിലെ വ്യവസ്ഥ. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതിനു പിന്നാലെയാണ് ബില്ലിൽ ഗവർണർ ഒപ്പിട്ടത്.

നിയമസഭ 2015ൽ പാസാക്കിയ മലയാളം ബിൽ 10വർഷം തടഞ്ഞുവച്ച ശേഷം രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു. ആ ബിൽ പുതിയ വ്യവസ്ഥകളോടെ വീണ്ടും നിയമസഭയിൽ അവതരിപ്പിച്ച് കഴിഞ്ഞ ഒക്ടോബറിൽ പാസാക്കുകയായിരുന്നു. മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനുമായാണിത്.

ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാള ഭാഷാ വികസനവകുപ്പ് എന്നാക്കി മാറ്റും. മലയാളഭാഷാവികസന ഡയറക്ടറേറ്റും രൂപീകരിക്കും. സംസ്ഥാന നിയമങ്ങളും ഓർഡിനൻസുകളും സർക്കാർ ഉത്തരവുകളും ബൈലാകളും ചട്ടങ്ങളും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷിലുള്ള കേന്ദ്രനിയമങ്ങളും ചട്ടങ്ങളും ഭേദഗതികൾ ഉൾപ്പെടെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യണം. ഏകീകൃത ലിപിവിന്യാസം നടപ്പാക്കും.

ജില്ലാക്കോടതിവരെ മലയാളം

ജില്ലാക്കോടതികളിൽ വരെ വിധിന്യായം ഉൾപ്പെടെ എല്ലാ നടപടികളും ഘട്ടംഘട്ടമായി മലയാളത്തിലാക്കും. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ആവശ്യമായ വിധിന്യായം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നൽകും. സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അനുമതിയോടെയുള്ള വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, ഉൽപ്പെടെയുള്ളവയുടെ ബോർഡുകളുടെ ആദ്യപകുതി മലയാളത്തിലായിരിക്കണം.

ഐ ടിയിൽ മലയാളത്തിനായി സ്വതന്ത്ര സോഫ്റ്റ്‌വെയറുണ്ടാക്കും. ഗവ. വെബ്‌സൈറ്റുകളിലെ വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കണം. ഇ-ഭരണ പദ്ധതിയിലെ അടിസ്ഥാനഭാഷ മലയാളമായിരിക്കും.

അതേസമയം, കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, ഇതര രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കായി ഇംഗ്ലീഷ്‌ ഉപയോഗിക്കും. അന്യഭാഷക്കാരുമായുള്ള കത്തിടപാടുകൾക്കും ഇംഗ്ലീഷ്‌ ആകാം.

10 വരെ മലയാളം ഒന്നാംഭാഷ

ബിൽ നിയമമാവുന്നതോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസ് വരെ മലയാളം നിർബന്ധമായും ഒന്നാംഭാഷയായിരിക്കും. മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളിൽ ലഭ്യമായതുമായ ഭാഷകളിൽ അദ്ധ്യയനം നടത്താം. ഇതരസംസ്ഥാനങ്ങൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന മലയാളികളല്ലാത്ത വിദ്യാർത്ഥികളെ ഒൻപത്, പത്ത്, ക്ലാസുകളിലും ഹയർസെക്കൻഡറിയിലും മലയാള പരീക്ഷ എഴുതുന്നതിൽ നിന്ന്‌ ഒഴിവാക്കുമെന്ന വ്യവസ്ഥയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA