SignIn
Kerala Kaumudi Online
Monday, 21 September 2026 8.40 AM IST

വോട്ടര്‍ പട്ടികയിലെയും വാര്‍ഡ് വിഭജനത്തിലെയും ഗുരുതര പിഴവുകള്‍, തിരുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി

bjp

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാന രേഖയാണ് വോട്ടര്‍ പട്ടിക. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകളാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. പലതും മനപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ സംശയം. തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതുമുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയത്. ബിജെപി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരേ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് പലയിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് ഗുരുതര ക്രിമിനല്‍ കുറ്റകൃത്യമാണ്. ആള്‍മാറാട്ടം, രേഖകളില്‍ തിരുമറി കാണിക്കുക തുടങ്ങിയ എല്ലാ കുറ്റങ്ങളും ഇതിന്റെ ഭാഗമായി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തരമായി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു. ഒരു ഐഡി കാര്‍ഡില്‍ പലയിടങ്ങളില്‍ പല പേരുകളില്‍ വോട്ട് ചേര്‍ത്തിട്ടുള്ളത് കണ്ടെത്തി, അത് നീക്കം ചെയ്യാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. ഇത് ബോധപൂര്‍വ്വം ഉണ്ടായ ക്രമക്കേടാണ്.


ഒരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പലയിടങ്ങളില്‍ വോട്ട് ചേര്‍ത്ത ആളുകള്‍ക്ക് നോട്ടീസ് അയച്ച് ആ വോട്ടുകള്‍ നീക്കം ചെയ്യാനുള്ള തുടര്‍നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണം. തിരുവനന്തപുരം നഗരസഭയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ബിജെപി പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുപോകാനും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും ആണ് ബിജെപിയുടെ തീരുമാനമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA