
2025-26 കേന്ദ്ര ബഡ്ജറ്റിലെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണ്. ബഡ്ജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത് സ്‌കിൽ വികസനത്തിനാണ്. അഞ്ചു സ്‌കിൽ വികസന മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്ന നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ട്.
നേട്ടങ്ങൾ
.................
1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കായി 500 കോടി രൂപ നീക്കിവച്ചു. ടെക്‌നോളജി, എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇത് ഗുണകരം.
2. ഐ.ഐ.ടികളുടെ നവീകരണം. ഇത് 6500 ഓളം അധിക വിദ്യാർത്ഥികൾക്ക് ഐ.ഐ.ടികളിൽ പ്രവേശനമൊരുക്കും.
3. 10000 എം.ബി.ബി.എസ് സീറ്റുകളുടെ വർദ്ധന. നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും.
4. ഷിപ്പിംഗ്, വ്യോമയാന, ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ. ഫാക്ടറി നിർമ്മാണം, ഭൗതിക സൗകര്യ വികസനം എന്നിവയിൽ കൂടുതൽ പദ്ധതികൾ രൂപപ്പെടുന്നത് എല്ലാ മേഖലയിലും, പ്രത്യേകിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഗുണകരം.
5. കാർഷിക മേഖലയിലെ നിർദ്ദേശങ്ങൾ അഗ്രി ബിസിനസ്, കയറ്റുമതി മേഖലകളിൽ പ്രയോജനകരം.
എം.എസ്.എം.ഇ, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ബഡ്ജറ്റിൽ ഊന്നൽ നല്കിയിട്ടുണ്ട്. ഇവയ്ക്കുള്ള വായ്പയും ഉദാരമാക്കിയിട്ടുണ്ട്. അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടും. തുകൽ, ടെക്സ്റ്റൈൽ, കളിപ്പാട്ടം, പാദരക്ഷ നിർമ്മാണ മേഖലകളിലെ നിർദ്ദേശങ്ങൾ ഡിസൈൻ, അനിമേഷൻ, ഗെയിമിംഗ്, കോമിക്‌സ് രംഗത്ത് മികവുണ്ടാക്കും.
അതുപോലെ, ഗവേഷണത്തിനും സ്‌കില്ലിനുമുള്ള ബഡ്ജറ്റ് വിഹിതം കൂടുതലാണ്. തൊഴിൽ മന്ത്രാലയത്തിന് 32,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, ന്യൂക്ലിയർ എനർജി, ടൂറിസം, ലോജിസ്റ്റിക്‌സ്, ടെക്‌നോളജി, എ.ഐ, ഡിസൈൻ, ഫുട്‌വെയർ ഡിസൈൻ, ലെതർ ടെക്‌നോളജി എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.
കോട്ടങ്ങൾ
.................
2024-25 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇന്റേൺഷിപ് നിർദ്ദേശങ്ങളിൽ 20 ശതമാനം മാത്രമേ പ്രാവർത്തികമാക്കിയിട്ടുള്ളൂ. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. ബഡ്ജറ്റ് പ്രഖ്യാപനം പ്രാവർത്തികമാകുന്നില്ല എന്ന പഴയശീലം മാറുന്നില്ല.
സേവനമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലില്ല. അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളിലെ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾക്ക് ബഡ്ജറ്റിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |