
കേന്ദ്രബഡ്ജറ്റ് ഐ.ടി, സാങ്കേതികമേഖലകളിൽ ശുഭപ്രതീക്ഷയാണ് നൽകുന്നത്. നിർമ്മിതബുദ്ധിക്ക് നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ഇതിനൊപ്പം മറ്റ് മേഖലകൾക്കും പ്രാധാന്യമുണ്ട്. നിർമ്മിതബുദ്ധി മേഖലയിലെ വിദ്യാഭ്യാസത്തിനായി രാജ്യത്ത് ഒരു എ.ഐ സെന്റർ ഒഫ് എക്സലൻസ് 500കോടി നിക്ഷേപത്തിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപനത്തിലുണ്ട്.
നിർമ്മിതബുദ്ധിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ മേഖലയിലെ ഗവേഷണത്തിനും രാജ്യം ഊന്നൽ നൽകുന്നതായി ബഡ്ജറ്റ് തെളിയിക്കുന്നു. എ.ഐ സെന്റർ ഒഫ് എക്സലൻസ് ആരംഭിക്കുന്നത് കേരളത്തിലാണെങ്കിൽ മികച്ച അവസരങ്ങളാകും അത് നൽകുക. യുവതയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നൈപുണ്യവികസനത്തിനുമായി അഞ്ച് സെന്റർ ഒഫ് എക്സലൻസുകൾ രാജ്യത്ത് ആരംഭിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ഇതിൽ ഒരെണ്ണം കേരളത്തിൽ ആരംഭിക്കാനായാൽ പ്രയോജനമാകും.
സയൻസ്,ടെക്നോളജി,എൻജിനിയറിംഗ്,മാത്തമാറ്റിക്സ്(സ്റ്റെം) മേഖലയ്ക്ക് ശക്തിപകരാൻ അടുത്ത അഞ്ചുവർഷത്തിൽ 50,000 സർക്കാർ സ്കൂളുകളിൽ അടൽ തിങ്കറിംഗ് ലാബുകൾ ആരംഭിക്കുന്നതും മികച്ച തീരുമാനമാണ്. കേരളത്തിൽ അടൽ ലാബുകൾ ഇല്ലാത്ത എല്ലാ ഹൈസ്കൂളിലും അത് കൊണ്ടുവരാൻ ശ്രമിക്കണം. സംരംഭകർക്കും ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നു. ഏയ്ഞ്ചൽ നികുതി കുറച്ചത് സ്റ്റാർട്ടപ്പ് നിക്ഷേപകർക്ക് ഗുണം ചെയ്യും. എം.എസ്.എം.ഇകൾക്കായി നടത്തിയ പ്രഖ്യാപനങ്ങൾ ഐ.ടി രംഗത്തിനും മുതൽകൂട്ടാകും. ഫിൻടെക്ക് മേഖലയ്ക്ക് ഉണർവ് ലഭിക്കും.
ഐ.ഐ.ടിയിലും ഐ.ഐ.എസ്.സിയിലും 10,000ഫെലോഷിപ്പ് നൽകുന്നത് സാങ്കേതികമേഖലയിലേയ്ക്ക് കൂടുതൽപേരെ ആകർഷിക്കും. വനിതാസംരംഭകർക്ക് പ്രത്യേകിച്ചും സംരംഭകർക്ക് മൊത്തമായും ലോണുകൾ ലഭിക്കുന്നത് എളുപ്പമാകും. സൈബർ സുരക്ഷാമേഖലയിൽ കൈയൊപ്പ് പതിക്കുന്നതായിരിക്കും ജൻവിശ്വാസ് ബിൽ 2.0. ഗിഗ് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളുമുണ്ട്. ഐ.ടി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ബിസിനസുകൾ വർദ്ധിക്കും.
നാഷണൽ ഡിജിറ്റൽ റെപ്പോസിറ്ററി ഫോർ ഇന്ത്യൻ നോളഡ്ജ് സിസ്റ്രം കൊണ്ടുവരുന്നത് ഡാറ്റാ സ്റ്റോറേജ്,ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയെയും സഹായിക്കും. ജിയോസ്പേഷ്യൽ മിഷനിലൂടെ മാപ്പിംഗും അടിസ്ഥാനസൗകര്യ വികസനവും സാദ്ധ്യമാകും. ഇലക്ട്രോണിക്സ്,സെമികണ്ടക്ടർ നിർമ്മാണത്തിനും പ്രാധാന്യം നൽകുന്നുണ്ട്. നാഷണൽ മാനുഫാക്ചറിംഗ് മിഷൻ ലോഞ്ച് ചെയ്യുന്നത് സെമികണ്ടക്ടർ നിർമ്മാണത്തിന് കരുത്തുപകരും. കൂടുതൽ ലാപ്‌ടോപ്പുകളും മറ്റും രാജ്യത്തിനകത്ത് നിർമ്മിക്കാനിത് വഴിയൊരുക്കും.
10,000കോടിയുടെ ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചതും സംരംഭകർക്ക് ഗുണം ചെയ്യും. ഫിനാൻഷ്യൽ മേഖലയിൽ 100ശതമാനം എഫ്.ഡി.ഐ കൊണ്ടുവരുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |