SignIn
Kerala Kaumudi Online
Thursday, 25 June 2026 7.16 AM IST

ബസ് തടഞ്ഞ് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ടടിച്ചു, ബൈക്ക് യാത്രികർക്കായി തെരച്ചിൽ

READ ENGLISH VERSION
syam

ആലുവ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ‌ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് ഡ്രൈവറുടെ കണ്ണിനും കഴുത്തിനും സാരമായി പരിക്കേറ്റു. അടൂർ ഡിപ്പോയിലെ ഡ്രൈവർ കായംകുളം സ്വദേശി എം.ശ്യാംകുമാറിനാണ് (50) മർദ്ദനമേറ്റത്. അക്രമികളെ തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും (44) പരിക്കേറ്റു. ഇരുവരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15ന് ആലുവയ്ക്കടുത്ത് കുട്ടമശേരിയിലായിരുന്നു സംഭവം.

അക്രമികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ബസ് ബൈക്കിന് തടസമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആലുവയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസ്. ബൈക്ക് കുറുകെ നിറുത്തി ബസ് തടഞ്ഞായിരുന്നു മർദ്ദനം. ബസിനെ പിന്തുടർന്നെത്തിയാണ് തടഞ്ഞത്. ബസിന്റെ കീ ഊരിയെടുത്തശേഷം ഡ്രൈവറെ പുറത്തേയ്ക്ക് വലിച്ചിറക്കി ഹെൽമെറ്റുകൊണ്ട് അടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സർവീസ് മുടങ്ങിയതോടെ ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ആലുവ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA