
കോട്ടയം: തെറ്റുകളെ നിർഭയമായി വിമർശിക്കുന്നതിനൊപ്പം നല്ലതിനെ അഭിനന്ദിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ മാദ്ധ്യമ ധർമ്മമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് അപ്പുറം മാദ്ധ്യമങ്ങൾക്ക് വലിയ സാമൂഹിക ഉത്തരവാദിത്വമുണ്ട്.
സൃഷ്ടിപരമായ മാദ്ധ്യമപ്രവർത്തനം യുവജനങ്ങളിൽ ആത്മവിശ്വാസം വളർത്തും. അത് അവരെ രാഷ്ട്രനിർമ്മാണത്തിലേയ്ക്ക് പ്രചോദിപ്പിക്കാൻ കാരണമാകും. വ്യാജ വാർത്തകളും വിശ്വാസക്കുറവും വാണിജ്യ സമ്മർദ്ദങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്ന അതിവേഗ മാറ്റങ്ങളുമെല്ലാം മാദ്ധ്യമങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യപ്രഭാഷകനായ മുഖ്യമന്ത്രി വി.ഡി.സതീശന് എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടികളോടെ ജന്മദിനാശംസകൾ നേരണമെന്ന് പറഞ്ഞായിരുന്നു ഉപരാഷ്ട്രപതി പ്രസംഗം തുടങ്ങിയത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, പശ്ചിമബംഗാൾ മുൻ ഗവർണർ സി.വി.ആനന്ദബോസ്, കോട്ടയം ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, രാഷ്ട്ര ദീപിക ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ്, മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |