SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

സംസ്കൃത സർവകലാശാലയിൽ വൻക്രമക്കേടെന്ന് സി.എ.ജി വിദ്യാർത്ഥികൾ 1400, അദ്ധ്യാപകർ 295

p

തിരുവനന്തപുരം: നാല് വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകനെന്ന കണക്കിൽ വഴിവിട്ട് നിയമനങ്ങൾ നടത്തി സംസ്കൃത സർവകലാശാല വൻ ക്രമക്കേട് കാട്ടുന്നതായി സി.എ.ജി റിപ്പോർട്ട്. ആകെ 1400 വിദ്യാർത്ഥികളുള്ള സർവകലാശാലയിൽ 295 അദ്ധ്യാപകരുണ്ട്. 136 സ്ഥിരം അദ്ധ്യാപകരുണ്ട്. ഇതിന്റെ 20ശതമാനമായ 23ഗസ്റ്റ് അദ്ധ്യാപകരെ മാത്രം നിയമിക്കാനാണ് ചട്ടമെങ്കിലും 159പേരെ നിയമിച്ചു. ഇതിന് സർക്കാർ അനുമതി തേടിയതുമില്ല. മറ്റ് സർവകലാശാലകളിൽ 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനെന്ന അനുപാതമാണ്. ശമ്പളവും പെൻഷനും നൽകാൻ പോലും പ്രതിസന്ധിയിലാണ് സർവകലാശാല.

9 പ്രൊഫസർ തസ്തികകളിൽ 43 പേരെയും 16 അസോ. പ്രൊഫസ്സർ തസ്തികകളിൽ 25 പേരെയും നിയമിച്ചിട്ടുള്ളതായി സി.എ.ജി കണ്ടെത്തി. 21സ്ഥിരം അദ്ധ്യാപകരെക്കൂടി നിയമിക്കാൻ സിൻഡിക്കേറ്റ് അടുത്തിടെ ശ്രമിച്ചിരുന്നെങ്കിലും ഗവർണർ തടഞ്ഞു. കാലടിയിലെ ആസ്ഥാനത്തിന് പുറമെ ആറ് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. രണ്ടെണ്ണം രണ്ടുവർഷം മുൻപ് അടച്ചുപൂട്ടി. 78വിദ്യാർത്ഥികളുള്ള തിരുവനന്തപുരം കേന്ദ്രത്തിൽ 24ഉം 77വിദ്യാർത്ഥികളുള്ള കൊല്ലം പന്മനയിൽ12ഉം 45 വിദ്യാർത്ഥികളുള്ള ഏറ്റുമാനൂരിൽ 12ഉം അദ്ധ്യാപകരുണ്ട്.

ഗവേഷണത്തിലും ക്രമക്കേടുകളുണ്ട്. 2015- 17 കാലയളവിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത് ഒന്നരക്കോടി രൂപ ഫെലോഷിപ്പായി കൈപ്പറ്റിയ വിദ്യാർത്ഥികൾ ഇതുവരെ പ്രബന്ധം സമർപ്പിച്ചിട്ടില്ല. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി ഗൈഡുമാരെ നിയോഗിക്കുന്നു. ഇതിന്റെ ഫയലുകൾ സി.എ.ജി ഓഡിറ്റിന് നൽകാൻ സർവകലാശാല വിസമ്മതിച്ചു. മലയാളം ഉൾപ്പടെയുള്ള പഠന വകുപ്പുകളിൽവിജ്ഞാപനം ചെയ്തതിന്റെ ഇരട്ടി വിദ്യാർത്ഥികളെ ചട്ടവിരുദ്ധമായി പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യിക്കുന്നു. ഇതുമൂലം ഫെലോഷിപ്പ് ഇനത്തിൽ അധികചെലവുണ്ടാകുന്നു.

വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രമേ അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കാൻ പാടുള്ളൂവെന്നും അധിക താത്കാലിക അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കരാർ പുതുക്കി നൽകരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും സംസ്കൃത സർവകലാശാല വി.സി ക്കും നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA