
തിരുവനന്തപുരം: ദളിത് ആദിവാസി വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഭൂമിയാണെന്നും, പാട്ടക്കാലാവധി കഴിഞ്ഞ പ്ളാന്റേഷനുകൾ തിരിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നും രമേശ് ചെന്നിത്തല. ഗാന്ധിഗ്രാമം പദ്ധതി 15 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 15 വർഷങ്ങളിൽ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി എല്ലാ പുതുവർഷവും ഓരോരോ ദളിത് കോളനികളിൽ ചെലവഴിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിച്ചിരുന്നു. ദളിത് സമൂഹത്തോട് ചേർന്നു നിൽക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും സാദ്ധ്യമായ തരത്തിൽ കണ്ണീരൊപ്പാനും കഴിഞ്ഞു. അതിന്റെ തുടർച്ചയാണ് ദളിത് കോൺക്ലേവ്. ഇതിൽ നിന്നു ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ തുടർനടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്ക് കൈമാറും. ഗാന്ധിഗ്രാമം പദ്ധതി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
കോടിക്കണക്കിന് രൂപ
നഷ്ടപ്പെട്ടു: സതീശൻ
കിഫ്ബി പ്രോജക്ടുകൾ ആരംഭിച്ചതോടെ ദളിത് ആദിവാസി വിഭാഗങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ നഷ്ടപ്പെട്ടതായി ദളിത് പ്രോഗ്രസ് കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന കിഫ്ബിയുടെ ഏറ്റവും വലിയ രക്തസാക്ഷികൾ കേരളത്തിലെ ദളിത് ആദിവാസി സമൂഹമാണ്. പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനാൽ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി ചെലവഴിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു.
ആദിവാസി മേഖലയിൽ
മൃഗാധിപത്യം: ലക്ഷ്മിക്കുട്ടിയമ്മ
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെന്നും ആദിവാസി മേഖലകളിൽ ജനാധിപത്യമില്ലെന്നും മൃഗാധിപത്യമാണെന്നും പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ. വനനിയമം ആദിവാസികൾക്ക് ഊരാക്കുരുക്കാണ്. ടൂറിസത്തിന് വേണ്ടി എന്തും ചെയ്യും. ആദിവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |