
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ കുറ്റസമ്മത മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. താൻ ആക്രമിക്കപ്പെടമോയെന്ന ഭയം അരുംകൊലയ്ക്ക് കാരണമായെന്നാണ് ചെന്താമര പൊലീസിന് നൽകിയ മൊഴി. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയത് കളിയാക്കിയതിലെ പ്രതികാരത്തെ തുടർന്നാണെന്നും ചെന്താമര മൊഴി നൽകി..
ഭാര്യയെയും മകളെയും ഉൾപ്പടെ ചെന്താമരയ്ക്ക് സംശയമായിരുന്നു. ഇരുവരും സുന്ദരികളാണ്. വിദ്യാഭ്യാസവുമുണ്ട്. താൻ ആ നിലയിലേക്കൊന്നും എത്തിയില്ല. അതിന് കാരണം സുധാകരന്റെ കുടുംബം കൂടോത്രം നടത്തിയതാണ് എന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതു തന്നെയാണ് സജിതയെ കൊലപ്പെടുത്തുന്നതിന് കാരണമായത്. സജിതയാണ് കൂടോത്രം നടത്തിയതിൽ മുന്നിൽ നിന്നതെന്നും അതിനു ശേഷം തന്നെ കളിയാക്കിയിരുന്നുവെന്നും ചെന്താമര പറയുന്നു. താൻ ജീവിതത്തിൽ എവിടെയും എത്തിയില്ല, മൂന്നോ നാലോ മാസം കൊണ്ടു തന്നെ ഇല്ലാതാവും എന്നെല്ലാം പറഞ്ഞാണ് സജിത പരിഹസിച്ചത്. ഇതിന്റെ പ്രതികാരമാണ് സജിതയെ കൊല്ലാൻ കാരണമെന്ന് ഇയാൾ പറയുന്നു.
നാട്ടുകാർ കൂടോത്രം നടത്തിയും മറ്റും തന്നെ ഇല്ലാതാക്കമോ എന്ന ഭയം ചെന്താമരയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആയുധം കൈയിൽ വച്ചത്. സുധാകരനെ കൊലപ്പെടുത്തുന്ന സമയത്ത് ലക്ഷ്മിയെ കൊല്ലാനുള്ള പദ്ധതി തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ഇയാൾ പറയുന്നത്. സുധാകരൻ ആക്രമിക്കപ്പെടുന്നത് കണ്ട് ചീത്ത വിളിച്ചതുകൊണ്ടാണ് ലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നും മൊഴിയുണ്ട്.
കൊലപാതകത്തിന് ശേഷം ഇയാൾ കാട്ടിലേക്ക് കയറി. കമ്പിവേലി ചാടിക്കടന്നാണ് കാട്ടിലേക്ക് കടന്നത്. അവിടെ നിന്ന് ശരീരത്തിൽ മുറിവുണ്ടായി. കാട്ടിൽ ഒന്നര ദിവസം കഴിഞ്ഞ് തറവാട്ട് വീട്ടിലേക്ക് എത്തുമ്പോൾ ഒന്നുകിൽ ജനങ്ങൾ ജീവനെടുക്കും അല്ലെങ്കിൽ പൊലീസ് പിടിക്കുമെന്നുള്ള കൃത്യമായ ബോധ്യം ഇയാൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് രക്ഷപെടാനുള്ള ശ്രമം നടത്താതിരുന്നത്. അതേസമയം, റിമാൻഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ക്രൈം സീൻ പോത്തുണ്ടിയിൽ പുനരാവിഷ്‌കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |