SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

വേണ്ടപ്പെട്ടവർക്ക് വാരിക്കോരി: പെൻഷനുവേണ്ടി സിസ 23 മാസമായി അലയുന്നു

READ ENGLISH VERSION
ciza

തിരുവനന്തപുരം: പി.എസ്.സി അംഗങ്ങൾക്കും ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്കും ഗവ.പ്ളീഡർമാർക്കും ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും സർക്കാർ വാരിക്കോരി നൽകുമ്പോൾ, പെൻഷൻ കിട്ടാൻ വേണ്ടി 23 മാസമായി അലയുകയാണ് ഒരു വൈസ്ചാൻസലർ. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വി.സിയും സാങ്കേതിക സർവകലാശാലാ മുൻ വി.സിയുമായ പ്രൊഫ.സിസാതോമസാണ് സെക്രട്ടേറിയറ്റിലും കോടതികളിലും കയറിയിറങ്ങുന്നത്. ആനുകൂല്യങ്ങൾ കൊടുക്കാതിരിക്കാൻ സുപ്രീംകോടതിയിൽവരെ കേസ് നടത്തി തോറ്റിട്ടും സർക്കാരിന്റെ പക അടങ്ങുന്നില്ല. രണ്ടാഴ്ചയ്ക്കകം പണം കൊടുക്കണമെന്ന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് കണ്ടില്ലെന്ന് നടിക്കുകയാണ് 'സിസാതോമസിനോട് ജന്മിത്വ ഭാവമരുത്" എന്നതലക്കെട്ടിൽ 'കേരളകൗമുദി" എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.

32 വർഷത്തെ സർവീസിനിടെ, എൻജിനിയറിംഗ് കോളേജുകളിൽ അദ്ധ്യാപികയായും പ്രിൻസിപ്പലായും സാങ്കേതികവിദ്യാഭ്യാസവകുപ്പിൽ സീനിയർ ജോയിന്റ്ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് സിസ.

സാങ്കേതിക സർവകലാശാലാ വി.സിയായി സർക്കാർ ശുപാർശചെയ്ത ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയിയെ തള്ളി ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാൻ സിസയെ നിയമിച്ചതാണ് സർക്കാരിന്റെ പകയ്ക്ക് കാരണം. ചുമതലയേറ്റത് സർക്കാർ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ചിൽ വിരമിച്ചദിവസം കുറ്റാരോപണമെമ്മോ നൽകി. പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു. നടപടികൾ ഹൈക്കോടതി റദ്ദാക്കി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാതെതള്ളി.

ഇതിനിടെ സിസയെ പൂട്ടാൻ സർക്കാർ പലവഴിക്ക് ശ്രമിച്ചിരുന്നു. വി.സിസ്ഥാനത്തുനിന്ന് അയോഗ്യയാക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. സ്ഥലംമാറ്റിയെങ്കിലും, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് തന്നെ നിയമനം നൽകി. സാങ്കേതികസർവകലാശാലയിലെ രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് കള്ളക്കേസെടുപ്പിക്കാനും ശ്രമമുണ്ടായി.

കിട്ടാനുള്ളത് ഒരു കോടിയിലേറെ;

ഉത്തരവ് പാലിക്കാൻ 2 ദിവസം

# സിസയ്ക്ക് താത്കാലികപെൻഷനും, പെൻഷൻആനുകൂല്യങ്ങളും രണ്ടാഴ്ചയ്ക്കകം നൽകണമെന്ന സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിലെ സമയപരിധി ചൊവ്വാഴ്ച തീരും.

ഉത്തരവ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽസെക്രട്ടറി ഇഷിതാറോയിക്ക് സെക്രട്ടേറിയറ്റിലെത്തി നൽകിയിട്ടും ഫലമില്ല.

ഒരുകോടിയിലേറെ രൂപയാണ് നൽകാനുള്ളത്. 2023 ഓഗസ്റ്റിൽ താത്കാലിക പെൻഷൻ പാസാക്കി ഉത്തരവ് ഇറക്കിയെങ്കിലും തുക നൽകിയില്ല.

''ഉത്തരവ് പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യവുമായി പോവേണ്ടിവരും. അഭിഭാഷകനുമായി കൂടിയാലോചിച്ച് തുടർ നടപടികളെടുക്കും.""

-പ്രൊഫ.സിസാതോമസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIZA THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA