
തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്രബഡ്ജറ്റ് സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണനയും ആവശ്യപ്പെട്ടിരുന്നു. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ ഈ ബഡ്ജറ്റിലും നിരാകരിച്ചു. വൻകിട പദ്ധതികളുമില്ല.
25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിറുത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാൽ, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ,നെല്ല്,നാളികേര കൃഷികൾക്ക് പരിഗണനയില്ല.
ബഡ്ജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാൽ, തിരഞ്ഞടുപ്പ് എവിടെയെന്നു നോക്കി അവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് കണ്ടത്. ഒ.ബി.സി, പട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങൾക്കോ കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാർഷികവ്യവസായത്തിന് പരിഗണനകളില്ല, കാർഷിക മേഖലയിലെ സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതിക്കു പോലും അർഹമായ വിഹിതം നീക്കിവയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |