SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

മുഖ്യമന്ത്രിയെ വിറപ്പിച്ച് അബ്ദുൾ റഷീദ്

p

കണ്ണൂർ: 2021ൽ തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.പി.അബ്ദുൾറഷീദ് ഇക്കുറി ധർമ്മടത്ത് ആദ്യ ആറ് റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി ഇടതുകേന്ദ്രങ്ങളെ ‌ഞെട്ടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്ക് ലഭിച്ച 50,123 വോട്ടിന്റെ ഭൂരിപക്ഷം 19,247ലേക്ക് കുറച്ചാണ് അബ്ദുൾറഷീദ് താരമായത്.


വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ധർമ്മടം വിസ്മയവക്കിലായിരുന്നു. ആദ്യ റൗണ്ടിൽ 733 ആയിരുന്നു യു.ഡി.എഫ് ലീഡ്. രണ്ടാം റൗണ്ടിൽ 2,523 ആയി. നാലാം റൗണ്ടിൽ 2,812. ആറ് റൗണ്ടുകൾ കഴിഞ്ഞപ്പോൾ പിണറായി 647 വോട്ടിന് പിന്നിൽ. ഏഴാം റൗണ്ടിലെത്തിയപ്പോൾ പിണറായി ആദ്യമായി മുന്നിലെത്തി. ഒടുവിൽ 15 റൗണ്ടുകൾ പൂർത്തിയായപ്പോൾ 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിണറായിക്ക് ആശ്വാസവിജയം.

വലിയ പൊതുയോഗങ്ങളോ താരപ്രചാരണമോ ഇല്ലാതെയാണ് ധർമ്മടത്ത് പ്രവർത്തിച്ചതെന്ന് അബ്ദുൾറഷീദ് പറഞ്ഞു. ഒരു രാത്രിയിൽ ഒരു മുതിർന്ന നേതാവ് വിളിച്ച് ധർമ്മടത്ത് മത്സരിക്കേണ്ടിവരുമെന്ന് അറിയിച്ചപ്പോൾ അഞ്ചുവർഷം തളിപ്പറമ്പിൽ പണിയെടുത്ത താൻ ഒരു എതിർപ്പും പറയാതെ ആ നിയോഗം ഏറ്റെടുക്കുകയായിരുന്നുവെന്നും പറഞ്ഞു.

ധർമ്മടം മണ്ഡലത്തിലെ പാലയാട് ക്യാമ്പസിൽ നിന്നാണ് പയ്യന്നൂർ ചെറുപുഴ സ്വദേശിയായ അബ്ദുൾറഷീദ് നിയമപഠനം പൂർത്തിയാക്കിയത്. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് ഒരു വർഷം പൊലീസ് സംരക്ഷണത്തിലായിരുന്നു അക്കാലത്ത് ക്ലാസിൽ പോയിരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവുമാണ് അബ്ദുൾറഷീദ്. ആറുവർഷമായി ധർമ്മടത്തെ പോതുവാച്ചേരിയിലാണ് താമസം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA