SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

'തീജ്വാലയുള്ള ഇൻഡക്ഷൻ കുക്കർ'; തട്ടിപ്പിൽ വീഴരുതേ, വീഡിയോ പ്രചാരണം സമൂഹ മാദ്ധ്യമങ്ങളിൽ

cooker

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർ‌ന്നുണ്ടായ പാചകവാതക ക്ഷാമം മുതലെടുത്ത് 'തീജ്വാലയുള്ള ഇൻഡക്ഷൻ കുക്കർ' എന്ന വ്യാജ ഉത്പന്നം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തട്ടിപ്പ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറിൽ തീജ്വാല ഉണ്ടാകില്ല. ഇൻഡക്ഷൻ കുക്കറിൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന മാഗ്നറ്റിക് എനർജിയാണ് പാത്രം ചൂടാക്കുന്നത്. ഇതറിയാതെയാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന പരസ്യംകണ്ട് വ്യാജ തീജ്വാല ഇൻഡക്ഷൻ കുക്കറിനായി പലരും തലവച്ചു കൊടുക്കുന്നത്.

സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഗ്യാസ് സ്റ്റൗവിന് സമാനമായി തീജ്വാല വരുന്ന ഇൻഡക്ഷൻ കുക്കറിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഗ്യാസ് സ്റ്റൗവിലേതുപോലെ തീജ്വാലയുള്ള ഇൻഡക്ഷൻ കുക്കറിൽ പാചകം എളുപ്പമാകുമെന്നാണ് പരസ്യം.

തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളിലും ഇത്തരം വീഡിയോകൾ കണ്ട് വാങ്ങാൻ ശ്രമിച്ചവർ തട്ടിപ്പിനിരയായതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിലും ഇതിനായി അന്വേഷണം നടത്തുന്നവരേറെ. വീഡിയോകളുടെ താഴെ വിശദാംശങ്ങൾ ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തെതുടർന്ന് ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറിന് ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇത് മുതലെടുത്താണ് വ്യാജ ഉത്പന്നവുമായി തട്ടിപ്പുകാർ രംഗത്തെത്തിയത്.

ബോധവത്കരണ വീഡിയോ
ഇൻഡക്ഷൻ കുക്കറിന്റെ പേരിലുള്ള തട്ടിപ്പ് വീഡിയോയ്ക്കെതിരെ ബോധവത്കരണ വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്പന്നം വാങ്ങാൻ പണമയച്ച് ചതിയിൽ പെടരുതെന്നാണ് വീഡിയോ സന്ദേശം. അതേസമയം, സമൂഹ മാദ്ധ്യമ പേജുകളുടെ റീച്ച് കൂട്ടാൻ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നവരുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COOKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA