കൊച്ചി: ഒരു തെങ്ങിന്റെ പേരിൽ വഴക്കടിച്ച ഗൃഹനാഥന്മാർക്ക്, 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന ബൈബിൾ വചനം ഉപദേശമായി നൽകി ഹൈക്കോടതി. ആപത്തുവരുമ്പോൾ സഹായത്തിന് അയൽവാസിയേ ഉണ്ടാകൂ എന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കുന്നതിനിടെ ഓർമ്മിപ്പിച്ചു.
ഒരു ചായ കുടിച്ച് സംസാരിച്ച് തീർക്കേണ്ട കാര്യമാണിത്. കോടതിയുടെ സമയം പാഴാക്കിയതിന് ഹർജിക്കാരന് പിഴ ചുമത്തേണ്ടിയിരുന്നെങ്കിലും കേസിലെ കക്ഷികൾ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകൾക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
അയൽവാസിയുടെ തെങ്ങ് വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരകുളം ഗ്രാമപഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാൻ തലപ്പത്ത് വലയിടുകയും ചെയ്തു. ഇതിൽ തൃപ്തനാകാത്ത ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചതിനുള്ള പ്രതിഫലമായ ഒരു ലക്ഷം രൂപ വഹിക്കാനും ഹർജിക്കാരൻ തയ്യാറായി. തെങ്ങിന് ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാൻ മുൻകരുതലുണ്ടെന്നും കമ്മിഷൻ റിപ്പോർട്ട് നൽകി. തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ ഈ തർക്കം കണ്ട് ചിരിച്ചേനെ എന്നും സ്വയം നിലംപതിക്കാൻ സാധിച്ചിരുന്നെങ്കിൽ തെങ്ങ് അങ്ങനെ ചെയ്ത് വഴക്ക് ഒഴിവാക്കിയേനെയെന്നും കോടതി പറഞ്ഞു. തെങ്ങ് നിലവിൽ അപകടകരമല്ലെന്ന് വിലയിരുത്തിയ കോടതി, കൂടുതൽ നടപടികൾ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |