SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

താക്കീതായി പ്രവർത്തന റിപ്പോർട്ട്: സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നകലുന്നു

READ ENGLISH VERSION
cpm-central-committe

കൊല്ലം: നേതാക്കളും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നു. സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങൾ അറിയാതെ പോകുന്നു. ജനങ്ങളിലേക്കിറങ്ങിച്ചെല്ലണം. പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള സഹകരണ രംഗം വരെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. വോട്ടു ചോർച്ച വലുതാണ്. ശ്രദ്ധക്കുറവ് സ്വയം വിമർശനമായി കാണണം. അടിമുടി തിരുത്തണമെങ്കിൽ അങ്ങനെയാവാമെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രവർത്തന റിപ്പോർട്ട്.

നേതാക്കൾക്കും, അണികൾക്കുമിടയിൽ മോശം പ്രവണതകൾ കൂടുകയാണ്. ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറയുന്നു, ജനകീയ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നില്ല, കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം കുറയുന്നു, ആഡംബര ജീവിതവും അനാവശ്യപ്രവണതയും വർദ്ധിക്കുന്നു, ക്വാറികളടക്കം വലിയ സാമ്പത്തിക സ്രോതസുകളുമായി ചങ്ങാത്തം കൂടുന്നു, മാദ്ധ്യമങ്ങളോട് ഇടപെടുമ്പോൾ സാമാന്യ മര്യാദ കാണിക്കുന്നില്ല. വോട്ടു ചോരുന്ന വഴി അന്വേഷിക്കുന്നില്ല. വോട്ടു ചോർച്ചയുടെ റിപ്പോർട്ടുകളും കൃത്യമല്ല. തിരുത്തലുകൾ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നില്ല. കാര്യങ്ങൾ ഇങ്ങനെ പോയാൽ വലിയ പ്രശ്‌നമാണ്. മാറ്റം അനിവാര്യം. ലക്ഷ്യം മൂന്നാം സർക്കാരാണ്. വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പും. ഇനി അങ്ങോട്ട് ഒരുക്കങ്ങളുടെ കാലമാണ്.

വോട്ട് ചോർച്ച

ബി.ജെ.പിയിലേക്ക്

പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഇടങ്ങളിൽ പോലും വോട്ട് ചോരുന്നു. അതെല്ലാം ബി.ജെ.പിയിലേക്കാണ് പോകുന്നത്. തൃശൂരിൽ ബി.ജെ.പി ജയിച്ചത് കോൺഗ്രസ് വോട്ടു കൊണ്ടാണെന്ന് ആരോപിക്കുമ്പോഴും പാർട്ടി വോട്ടുകളും നഷ്ടമായിട്ടുണ്ട്. പുതിയ വോട്ടുകൾ എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി പഠിച്ച് തിരുത്താൻ ജില്ലാകമ്മിറ്റികൾക്ക് കഴിയുന്നില്ല

ഇ.പിക്ക് പിഴച്ചു

ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പെർഫോമൻസ് മോശമായതിനാലാണ്. നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കേണ്ട ഇ.പിക്ക് അതിൽ പിഴവ് സംഭവിച്ചു. മാറി നിൽക്കാതെ സജീവമാകണം. സജി ചെറിയാൻ മാദ്ധ്യമങ്ങളോട് ഇടപെടുമ്പോൾ കുറച്ചു കൂടി അവധാനത കാണിക്കണം. നേതാക്കൾ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ അത് പാർട്ടിയുടെ കൂടി വാക്കുകളാണെന്ന ബോധം വേണം.

പിണറായി

മികവ് കാട്ടി

രണ്ടാം സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നിട്ടും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമായിരുന്നു. അനാവശ്യ വിവാദങ്ങൾക്കൊന്നും മറുപടി പറയാതെ ഭരണ കാര്യത്തിൽ ശ്രദ്ധചെലുത്തി. നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യാപാര,വ്യവസായ,തൊഴിൽ മേഖലയിൽ ഗുണകരമായ ചലനങ്ങളുണ്ടാക്കി. അതേ സമയം വ്യക്തിപരമായി പ്രതിപക്ഷവും മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചപ്പോൾ അത് പ്രതിരോധിക്കുന്നതിൽ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.


സഹകരണ മേഖലയിൽ

അപചയം

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സഹകരണ മേഖലയിലെ പാർട്ടി നേതാക്കളുടെ ഇടപടലിനെക്കുറിച്ചും വിമർശനം. സി.പി.എം നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേടും അതിൽ നേതാക്കളുടെ പങ്കും പാർട്ടിയുടെ പ്രതിച്ഛായ തകർത്തു. പാർട്ടിയുടെ അനുമതി വാങ്ങാതെ വലിയ വായ്പ എടുക്കുന്നതിനെയും റിപ്പോർട്ടിൽ വിമർശിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA