
കൊല്ലം: ബീച്ച് റോഡിൽ പുലർച്ചെ മുതൽ മന്ത്രിമാരുടെയും സി.പി.എം സംസ്ഥാന നേതാക്കന്മാരുടെയും നീണ്ട നിരയായിരുന്നു. എല്ലാവരും പതിവ് പ്രഭാത നടത്തത്തിന്റെ തിരക്കിൽ. അഞ്ചരയോടെയാണ് മന്ത്രി പി.രാജീവും സംഘവും ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നിന്ന് പുറത്തേക്കെത്തിയത്. റോഡിലേക്കിറങ്ങിയതും സ്പീഡ് കൂടി. നേരെ തങ്കശേരിയിലേക്ക്. തിരികെ ബീച്ചിലേക്ക് എത്തിയപ്പോഴും വേഗതയ്ക്ക് കുറവില്ല. പതിയെ നടന്നുപോകുന്ന പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് 'ഗുഡ് മോർണിംഗ്" നൽകി വീണ്ടും 'എക്സ്പ്രസ് " പോലെ മുന്നോട്ട്. ലുങ്കിയുടുത്ത് വെള്ള ഷർട്ടിൽ ഒറ്റയ്ക്കാണ് മന്ത്രി സജി ചെറിയാൻ നടക്കാനിറങ്ങിയത്. സജി ചെറിയാൻ നാലുറൗണ്ട് നടന്നുതീർന്നപ്പോഴേക്കും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും മന്ത്രി ഡോ. ആർ. ബിന്ദുവും എത്തി. അപ്പോഴേക്കും മന്ത്രി രാജീവ് മുൻ മന്ത്രി എളമരം കരീമിനെ മറികടന്ന് വേഗത്തിൽ പാഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് പ്രഭാത നടത്തത്തിന് ദേശീയപാതയോരത്തെ വി പാർക്കാണ് തിരഞ്ഞെടുത്തത്. അവിടെ ഷട്ടിലും കളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.എൻ. ബാലഗോപാലുമടക്കമുള്ളവർ ബീച്ച് ഓർക്കിഡ് ഹോട്ടലിന് പുറത്തേക്ക് ഇറങ്ങിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |