
കൊല്ലം: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാമെന്ന നയംമാറ്റ നിലപാടിലേക്ക് സി.പി.എം. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പി.പി.പി (പബ്ളിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാമെന്നാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലെ നിർദ്ദേശം. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് താത്പര്യമുള്ളവർക്ക് വ്യക്തമായ നിബന്ധനയോടെ കരാർ പ്രകാരം ഏൽപ്പിക്കാവുന്നതാണെന്നും 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ" എന്ന രേഖയിൽ വ്യക്തമാക്കുന്നു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇന്നലെ ഈ നിർദ്ദേശത്തെ പിന്താങ്ങി. നിലപാട് മാറ്റത്തിൽ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എങ്ങനെ ഫലപ്രദമായി പ്രവർത്തിപ്പിക്കാമെന്നതാണ് പരിശോധിക്കുന്നത്. അവയെ സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ മാത്രമുള്ള നിർദ്ദേശമാണിത്. അല്ലാതെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശ്യമില്ല. നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുമാനത്തിന്
അനുസരിച്ച് സെസ്
ഓരോ ജനവിഭാഗത്തിന്റെയും വരുമാനത്തിന് അനുസരിച്ച് സെസ് ചുമത്താനുള്ള സാദ്ധ്യത പരിശോധിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. എല്ലാ സൗജന്യങ്ങളും സമ്പന്നവിഭാഗങ്ങൾക്ക് ഉൾപ്പെടെ നൽകേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ഈടാക്കാം. എസ്.സി/ എസ്.ടി വിഭാഗങ്ങളുടെ വാസസ്ഥലങ്ങളുടെയും ഉന്നതികളുടെയും ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൂടി ചെയ്യുമെന്ന് ഉറപ്പുവരുത്തണം.
കെ- സ്മാർട്ട് പദ്ധതി വ്യാപിപ്പിക്കും
ഏറെക്കാലമായി വർദ്ധനകളൊന്നും വരുത്താത്ത മേഖലകളിൽ നിന്ന് വിഭവ സമാഹാരണം
വിവിധ മേഖലകളിൽ നിന്ന് ലീസുകളും മറ്റുമായി ലഭിക്കേണ്ട തുകകൾ കൃത്യമായി പിരിച്ചെടുക്കണം.
എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരും. കെ- സ്മാർട്ട് പദ്ധതി എല്ലാ വകുപ്പിലും വ്യാപിപ്പിക്കും.
പിന്നാക്ക പ്രദേശങ്ങളുടെ ഉന്നമനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും
കിണറുകൾ, കുളങ്ങൾ, ജലസ്രോതസുകൾ എന്നിവയിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും.
ജനസംഖ്യയിൽ 18 ശതമാനം വരുന്ന വൃദ്ധരുടെ സംരക്ഷണം ഏറ്റെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |