
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തിൽ തിരുവമ്പാടി ദേവസ്വത്തെ കുറ്റക്കാരാക്കിയുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സർക്കാർ തള്ളിയേക്കും. തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ടതിനാൽ, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിൽ പുനരന്വേഷണസാദ്ധ്യത പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ അന്വേഷണറിപ്പോർട്ട് ഡി.ജി.പി റവാഡചന്ദ്രശേഖർ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ്അലത്തിന് കൈമാറി. ഇത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിശോധിച്ച്, മുഖ്യമന്ത്രി വി.ഡി.സതീശനുമായുളള കൂടിയാലോചനയ്ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും.
കഴിഞ്ഞ സർക്കാർ അവരുടെ ഇഷ്ടാനുസരണം തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. എട്ടുമാസം മുൻപാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. ആരെയൊക്കെ പ്രതിയാക്കണമെന്നതിൽ തീരുമാനമാകാത്തതിനാൽ സർക്കാരിന് കൈമാറിയിരുന്നില്ല. മന്ത്രി കെ.മുരളീധരൻ അടക്കം റിപ്പോർട്ടിനെ തള്ളിയിട്ടുണ്ട്. അതിനാൽ റിപ്പോർട്ട് അതേപടി അംഗീകരിക്കാനിടയില്ല.
റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൂരം ആഘോഷകമ്മിറ്റി ഭാരവാഹികളുമടക്കം പത്തുപേരെ പ്രതിയാക്കിയിട്ടുണ്ട്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, കലാപാഹ്വാനം, ഇരുവിഭാഗങ്ങളുമായി സ്പർദ്ധയുണ്ടാക്കുക, ഗൂഢാലോചന അടക്കമുളള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. എസ്.ഐ.ടിയുടെ അപേക്ഷയിൽ ഇവർക്കെതിരേ പ്രോസിക്യൂഷൻ അനുമതി നൽകാനിടയില്ല. 2024ഒക്ടോബറിൽ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കൈമാറിയത്.
പൂരം അലങ്കോലപ്പെടുത്തലിൽ ഉദ്യോഗസ്ഥ-പൊലീസ് തലത്തിൽ ഗൂഢാലോചനയോ വീഴ്ചയോ ഇല്ലെന്നാണ് കണ്ടെത്തൽ. മഠത്തിൽവരവിനിടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയത്. പാറമേക്കാവുമായി ചേർന്ന് പ്രശ്നങ്ങളുണ്ടാക്കാൻ തിരുവമ്പാടി ഗൂഢാലോചന നടത്തിയെന്നും പാറമേക്കാവ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നെന്നുംറിപ്പോർട്ടിലുണ്ട്.
തൃശൂർ പൂരം കലക്കൽ:പുനരന്വേഷണം
വേണമെന്ന് തിരുവമ്പാടി ദേവസ്വം
തൃശൂർ: പൂരം കലക്കലിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. പൊലീസിന് ക്ലീൻ ചിറ്റാണ്. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രകോപിതരായ ഒരുവിഭാഗമാണ് ലൈറ്റ് ഓഫാക്കി പൂരം അട്ടിമറിക്ക് കളെമൊരുക്കിയതെന്നാണ് ക്രൈബ്രാഞ്ച് വാദം. ലാത്തിച്ചാർജ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നെന്നും ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ വിമർശിച്ചു.
പൂരം കലക്കലിൽ ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കാണുമെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു.
ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് എഡി.ജി.പി എച്ച്.വെങ്കിടേഷ് വഴി ഡി.ജി.പിക്ക് കൈമാറിയത്. 2024 ഒക്ടോബറിൽ പിണറായി വിജയൻ സർക്കാരാണ് അന്വേഷണം പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |