
കൊല്ലം: സി.പി.എം സംഘടനാ റിപ്പോർട്ടിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ പ്രവർത്തനമികവിന് പ്രശംസ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും പ്രശംസ നേടിയത്. പി.ബി അംഗം ,മുഖ്യമന്ത്രി എന്നീ നിലകളിൽ പിണറായി വിജയൻ പാർട്ടി കേന്ദ്രത്തെ സഹായിക്കാൻ എപ്പോഴും സന്നദ്ധനാണ്. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം,. പ്രചാരണ രംഗത്തും സജീവമായി നിൽക്കുന്ന മുഖ്യമന്ത്രി പാർട്ടിക്ക് വേണ്ടി പരമാവധി സമയം കണ്ടെത്തുന്നു.
മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ എന്നിവരുടെ പ്രവർത്തന മികവും റിപ്പോർട്ടിൽ നല്ല നിലയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ സാംസ്കാരിക വകുപ്പ് നല്ല നിലയിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വാക്കുകൾ ഉപയോഗിക്കുന്നതിൽ മന്ത്രി സജി ചെറിയാൻ വരുത്തുന്ന സൂക്ഷ്മതക്കുറവ് പാർട്ടിക്ക് ദോഷമുണ്ടാക്കുന്നു. കുന്തം, കൊടച്ചക്രം പോലുള്ള പ്രയോഗങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം..
പി.രാജീവ് സംഘടനാ രംഗത്ത് എറണാകുളം ജില്ലാ കമ്മിറ്റിയെ സഹായിച്ചാണ് പ്രവർത്തിക്കുന്നത്. നിയമസഭയിലും പുറത്തും സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നന്നായി ഇടെപെട്ട് വ്യക്തത വരുത്താൻ ശ്രമിക്കുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മികച്ച മന്ത്രിയായി പ്രവർത്തിക്കുന്നുവെന്നും ,എന്നാൽ മാദ്ധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും റിപ്പോർട്ടിൽ പറയുന്നു.രാഷ്ട്രീയകാര്യങ്ങളിൽ അപ്പപ്പോൾ പ്രതികരിക്കുന്നതാണ് ഈ ആക്രമണത്തിന് കാരണം. മന്ത്രി വി.എൻ.വാസവന്റെ അവധാനതയോടെയുള്ള പ്രവർത്തനത്തിനും റിപ്പോർട്ടിൽ പ്രശംസയുണ്ട്. ശബരിമല മണ്ഡലകാലം അടക്കമുള്ള വിഷയങ്ങളാണ് കാരണം. കോട്ടയം ജില്ലയിൽ പാർട്ടി കാര്യങ്ങളിലും വാസവൻ വളരെ സജീവമായി ഇടപെട്ട് പ്രവർക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ ധനമന്ത്രിയായി പ്രവർത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കെ.എൻ.ബാലഗോപാൽ ഏറ്റെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |