കണ്ണൂർ: നാഗ്പൂരിൽ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിന് ഇറങ്ങുന്നതിന് തലേന്ന് കേരളത്തിന്റെ സൂപ്പർ താരം സൽമാൻ നിസാറിന്റെ ഒരു ഫോൺകാൾ തലശേരി മാർക്കറ്റിലെ പച്ചക്കറി ചുമട്ടുകാരൻ ദേവാനന്ദിനെ തേടിയെത്തി. തന്നെ ആദ്യമായി പാഡണിയിച്ച് മത്സരത്തിനിറക്കിയ പരിശീലകന്റെ അനുഗ്രഹം വാങ്ങാനായിരുന്നു സൽമാന്റെ വിളി.
തന്റെ ശിഷ്യരായ സൽമാനും അക്ഷയ് ചന്ദ്രനും രഞ്ജി ഫൈനൽ കളിക്കുന്നതിന്റെ ത്രില്ലിലാണ് നാൽപത് കൊല്ലമായി ടെലിച്ചേരി ക്രിക്കറ്റ് ക്ളബ്ബ് സെക്രട്ടറിയും പരിശീലകനുമായ ദേവാനന്ദ്. അണ്ടർ പതിനാലിൽ ആദ്യമായി സൽമാൻ പാഡ് കെട്ടിയത് ദേവാനന്ദിന്റെ ക്ളബ്ബിനാണ്. ടെലിച്ചേരി ക്രിക്കറ്റിന്റെ രക്ഷാധികാരി എന്ന് ഈ 59കാരനെ വിളിക്കാം.
തലശ്ശേരി മാർക്കറ്റിലാണ് ചുമട്ടു ജോലിയെങ്കിലും ദേവാനന്ദിന്റെ മനസ് മുനിസിപ്പൽ ഗ്രൗണ്ടിലാണ്. സീസണാകുമ്പോൾ ഉച്ചയോടെ പണി മതിയാക്കി ഗ്രൗണ്ടിലെത്തും. ലീഗ് മത്സരങ്ങൾ വന്നാൽ ലീവെടുക്കും.
ഒ ലവൽ പരീക്ഷ പാസായ പരിശീലകനാണ് ദേവാനന്ദ്. ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് മൂലം ലവൽ വൺ പരീക്ഷ പാസാകാനായില്ല. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായിരുന്നു. ആദ്യകാലങ്ങളിൽ നല്ല പാഡും ബാറ്റും പോലും ഉണ്ടായിരുന്നില്ല. വീട്ടിലെ ദാരിദ്ര്യവും പഠിക്കാനുള്ള മടിയും കാരണം ആറാം ക്ലാസിൽ പഠനം നിറുത്തി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ജൂനിയർ ടീമിൽ . 1986- 87ലാണ് പ്രൊഫഷണൽ ക്രിക്കറ്റിലെത്തുന്നത്. അന്ന് സുഹൃത്തുക്കൾക്കൊപ്പം രൂപീകരിച്ച ലക്കി എംബ്ലം എന്ന ക്ളബാണ് പിന്നീട് ടെലിച്ചേരി ക്രിക്കറ്റ് ക്ലബായത്.
പിണറായി വെണ്ടുട്ടായിലാണ് താമസം.ഭാര്യ: ഷൈനി.മക്കൾ: ഋദ്‌വേദ് ദേവ് ( അഞ്ചാം ക്ലാസ്),ഋത്വിക ദേവ്. (ബി.എസ്.സി. നഴ്സിംഗ്)
രാവിലെ മുതൽ ചുമടെടുക്കുന്നത് കുടുംബത്തിന് വേണ്ടി. ഗ്രൗണ്ടിൽ വൈകിട്ടത്തെ ജോലി കായിക ലോകത്തിന് വേണ്ടി.നാളേയ്ക്ക് നാടിനായി മികച്ച കളിക്കാരെ വാർത്തെടുത്ത് ക്രിക്കറ്റ് ലോകത്തിന് നൽകണമെന്നതാണ് ലക്ഷ്യം. ഓരോവർഷവും മികച്ച മൂന്നുനാലു പുതിയ കളിക്കാരെയെങ്കിലും കണ്ടെത്തുന്നുണ്ട്'-ദേവാനന്ദ്
രഞ്ജി ട്രോഫി ഫൈനൽ ഇന്നുമുതൽ
കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് മുതൽ നാഗ്പൂരിൽ. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ഫൈനലിലെത്തുന്നത്. 9.30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |