
കോടിയോളം കടമെന്ന് സൂചന
തിരുവനന്തപുരം: മലയാളികളുടെ തീരാനോവായി മാറിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ കാരണം ചികഞ്ഞ പൊലീസിനു മുന്നിൽ തെളിഞ്ഞത് സ്വന്തം കുടുംബത്തിന്റെ അവസ്ഥയുമായി പൊരുത്തപ്പെടാത്ത പ്രതിയുടെ താളം തെറ്റിയ ജീവിതം.
പിതാവ് വിദേശത്ത് കടക്കെണിയിലായതും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വർഷങ്ങളായി യാത്രാവിലക്കിൽ കുരുങ്ങിയതും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു കുടുംബം. അപ്പോഴും അഫാന് കമ്പം ആഡംബര ജീവിതം, ധൂർത്ത്, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു.ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. എങ്കിലും പിതാവിന്റെ ബാദ്ധ്യത തീർക്കാൻ കടം വാങ്ങിയിരുന്നു. അഫാൻ പറയുന്നതുപോലെ
കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് സ്വന്തം അനുജൻ അടക്കം ഉറ്റബന്ധുക്കളെയും കാമുകിയെയും കൊലപ്പെടുത്തി ജീവനൊടുക്കണമെന്ന ചിന്തയിലെത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുപേരെ വകവരുത്തിയശേഷം വിഷം കഴിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കാേളേജിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുന്ന അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ല. അഫാന്റെ പിതാവ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ റഹിം സൗദിയിലെ ദമാമിൽ വാഹന സ്പെയർപാർട്സ് ബിസിനസ് പൊളിഞ്ഞ് വൻ കടക്കെണിയിലാണ്. ഏഴു വർഷമായി നാട്ടിൽ വന്നിട്ടില്ല. നാലു വർഷം മുമ്പ് യാത്രാ വിലക്കിൽ കുടുങ്ങുകയും ചെയ്തു.ഒരു കോടിയോളം രൂപയുടെ ബാദ്ധ്യത ഉണ്ടെന്നാണ് നാട്ടിലെ സംസാരം.
മൂവായിരം ചതുരശ്ര അടി വിസ്തൃതിയുള്ള വീടടക്കം പണയപ്പെടുത്തി കടംവീട്ടാൻ അടുത്തിടെ അഫാൻ നീക്കം നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.മെഡിക്കൽ കോളേജാശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴിയെടുത്തപ്പോഴും അഫാൻ സൂചിപ്പിച്ചതും കടക്കെണിയാണ്.
അഫാൻ പണമാവശ്യപ്പെട്ടിട്ട് നൽകാതിരുന്നതാണ് പിതൃസഹോദരനെയടക്കം കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. പിതൃസഹോദരൻ അഫാന്റെ ശീലങ്ങളെ ശക്തമായി എതിർത്തിരുന്നു. കൊല നടക്കുന്ന ദിവസവും അഫാന്റെ വീട്ടിൽ എത്തിയിരുന്നതായി അറിയുന്നു.
മാതാവ് ഷമി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
കുടുംബത്തിന് സംഭവിച്ച ദുരന്തം അറിഞ്ഞിട്ടില്ല.
ഷെമിയെ കഴുത്തിൽ കുരുക്കിട്ട് ബോധരഹിതയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ബന്ധുക്കളെ കൊലപ്പെടുത്താൻപോയത്. മൂന്ന് കൊലപാതകങ്ങൾക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തിയാണ് ഫർസാനയെയും അഫ്സാനെയും അഫാൻ കൊലപ്പെടുത്തിയതും ചുറ്റിക കൊണ്ട് ഷെമിയുടെ തലയ്ക്കടിച്ചതും
കട്ടിലിൽ നിന്ന് വീണതാണ്!
മകനെ രക്ഷിക്കാൻ അമ്മയുടെ മൊഴി
താൻ കട്ടിലിൽ നിന്ന് വീണെന്നാണ് മജിസ്ട്രേറ്റിന് അഫാന്റെ അമ്മ ഷെമി മൊഴി നൽകിയത്. മകൻ തന്നോടു ചെയ്ത ക്രൂരത മാതൃവാത്സല്യം കാരണം മറച്ചവയ്ക്കുകയായിരുന്നു. എന്നാൽ ഇളയ മകൻ അഫ്സാനെ ഉൾപ്പടെ അഞ്ചുപേരെ അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത് അമ്മ അറിഞ്ഞില്ല. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ അഫ്സാനെ കാണണമെന്നാണ് അവർ ബന്ധുക്കളോടു പറഞ്ഞത്.അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്നും പറഞ്ഞു. എന്നാൽ, അഫാനെക്കുറിച്ച് അവർ ഒന്നും ചോദിച്ചില്ല. ഷമിയുടെ തലയ്ക്കു പിന്നിൽ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂർണമായി തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
കബറിൽ അടുത്തടുത്ത് അവർക്ക് അന്ത്യനിദ്ര
# അഫാന്റെ സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ ലത്തീഫ്(60), ഭാര്യ സജിതാ ബീവി(55), പിതാവിന്റെ മാതാവ് സൽമാബീവി (95) എന്നിവരുടെ മൃതദേഹങ്ങൾ കല്ലറ താഴെ പാങ്ങോട് ജുമാമസ്ജിദിൽ അടുത്തടുത്തായി കബറടക്കി. അഫാന്റെ കാമുകി വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാനയുടെ (22) മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലും ഇന്നലെ അടക്കം ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |