SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, ഓയിൽ ഗോഡൗണിന് തീയിട്ടു

thee

മുണ്ടൂർ (തൃശൂർ): ഡ്രൈവർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരത്തിൽ മുൻ ജീവനക്കാരൻ ഓയിൽ ഗോഡൗണിന് തീയിട്ടു. സംഭവത്തിൽ എളവള്ളി അരിമ്പൂർ തുറയൻവീട്ടിൽ ടിറ്റോ തോമസിനെ (36)​ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂർ വേളക്കോട്ടെ ഗൾഫ് പെട്രോ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റേതാണ് ഗോഡൗൺ. വാഹനങ്ങളുടെ ഓയിലുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

ഗോഡൗണിലുണ്ടായിരുന്ന പതിനായിരം ലിറ്ററിന്റെ നാല് ടാങ്കുകളിലും ഇരുനൂറ് ലിറ്ററിന്റെ ആയിരത്തോളം ബാരലുകളിലും തീ പടർന്നു. ഫയർഫോഴ്സെത്തി ഉടൻ തീയണച്ചതിനാൽ വൻ പൊട്ടിത്തെറി ഒഴിവായി. എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ റബർ എസ്റ്റേറ്റുകളിലേക്കും തീ പടർന്നു. ഗോഡൗണിന് മൂന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. തൃശൂർ പൂത്തോൾ സ്വദേശി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. ഒന്നരവർഷമായി കമ്പനിയുടെ ഡ്രൈവറായിരുന്ന തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാണ് തീവയ്ക്കാൻ കാരണമെന്ന് ടിറ്റോ പൊലീസിന് മൊഴി നൽകി. സ്ഥാപനവുമായി തനിക്ക് വൈകാരിക ബന്ധമുണ്ടായിരുന്നുവെന്നും പിരിച്ചുവിട്ടത് മനോവിഷമമുണ്ടാക്കിയെന്നും പറഞ്ഞു.

ഗോഡൗണിലെ പാത്രങ്ങളുടെ കണക്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്ന് ഈ മാസം ഒന്നിനാണ് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. തീയിട്ടശേഷം അവിടെ നിന്ന് രക്ഷപ്പെട്ട ഇയാൾ പിന്നീട് പേരാമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA