SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചു , സ്ഥാപിച്ചത് സ്റ്റോപ്പ് മെമ്മോ ലംഘിച്ച്

cross

പീരുമേട്(ഇടുക്കി): സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പീരുമേട് പരുന്തുംപാറ കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കോൺക്രീറ്റ് കുരിശ് റവന്യു ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി. നിയമസഭയിൽ വാഴൂർ സോമൻ എം.എൽ.എ ഇന്നലെ രാവിലെ കൈയേറ്റ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സുരക്ഷയിൽ മൂന്നുമണിക്കൂറോളമെടുത്താണ് പൊളിച്ചു മാറ്റിയത്.

പരുന്തുംപാറയിൽ നിരോധനാജ്ഞ നിലവിലുള്ള സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ ഒരു നിർമ്മാണവും പാടില്ലെന്ന കളക്ടറുടെ നിർദ്ദേശം ലംഘിച്ച് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റർ സജിത്ത് ജോസഫാണ് കുരിശ് സ്ഥാപിച്ചത്. മറ്റൊരു സ്ഥലത്തുവച്ച് നിർമ്മിച്ച് വെള്ളിയാഴ്ച തേയിലത്തോട്ടത്തിന് നടുവിലെ കൈയേറ്റഭൂമിയിൽ സ്ഥാപിക്കുകയായിരുന്നു. ശനിയും ഞായറും അവധിയാണെന്നത് മുന്നിൽക്കണ്ടായിരുന്നു ഇത്.

പരുന്തുംപാറയിൽ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോർട്ട് നിർമ്മിച്ചതായി കണ്ടെത്തി നേരത്തെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ഫെബ്രുവരി 27ന് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടി. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി കളക്ടർ വി.വിഗ്‌നേശ്വരി പീരുമേട് താലൂക്കിൽ രണ്ടുമാസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു. കൈയേറ്റക്കാർക്ക് സ്റ്റോപ്പ് മെമ്മോയും നൽകി. ഇത് അവഗണിച്ചാണ് കുരിശ് സ്ഥാപിച്ചത്.


''നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും. നിയമംലംഘിച്ച ഏഴ് പേർക്കെതിരെ ഇതുവരെ നടപടിയെടുത്തു. സാധാരണക്കാരെ മുന്നിൽ നിറുത്തി വലിയ കൈയേറ്റങ്ങൾ നടത്തുന്നവരെ വെളിച്ചത്തു കൊണ്ടുവരുന്നതിന് പൊലീസ്, വിജിലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും

-വി.വിഗ്നേശ്വരി,

ജില്ലാ കളക്ടർ

''കൈയേറ്റം നടത്തിയവർ ആരാണെങ്കിലും ഒഴിപ്പിക്കണം. തഹസിൽദാർമാർ സ്ഥിരമായി പീരുമേട്ടിൽ ജോലി ചെയ്യുന്നില്ല. മൂന്നുവർഷത്തിനുള്ളിൽ അഞ്ച് എൽ.എ തഹസിൽദാർമാരാണ് മാറിപോയത്. ഇതുകാരണം റവന്യുവകുപ്പിൽ കാര്യക്ഷമതയോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ല

-വാഴൂർ സോമൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CROSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA