SignIn
Kerala Kaumudi Online
Sunday, 26 July 2026 6.19 AM IST

കേന്ദ്രധനമന്ത്രിയുടെ ചിത്രം കണ്ട് കുടുങ്ങി; 67കാരന് നഷ്ടം 2.50 കോടി

cyber-fraud


വീട്ടുകാർ അറിയരുതെന്ന് പറഞ്ഞിട്ടും സംശയം തോന്നിയില്ല

കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ചിത്രം കാട്ടി ഓയിൽക്കമ്പനി റിട്ട. ജനറൽ മാനേജരിൽനിന്ന് സൈബർതട്ടിപ്പുകാർ കവർന്നത് 2.50 കോടി രൂപ! ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതുക ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

വിദേശ മൊബൈൽ നമ്പരിൽ നിന്നെത്തിയ വാട്സാപ്പ് സന്ദേശത്തിലെ ലിങ്ക് തുറന്നപ്പോൾ കേന്ദ്രമന്ത്രിയുടെ ചിത്രം സഹിതമുള്ള കിടിലൻ ഓഫർകണ്ട് വിശ്വസിച്ചതാണ് 67കാരന് വിനയായത്.

തൃപ്പൂണിത്തുറ സ്വദേശിയായ റിട്ട. ബി.പി.സി.എൽ ഉദ്യോഗസ്ഥന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെ സേവിംഗ്സ് അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം നഷ്ടമായി.

ഡിസംബർ ആദ്യവാരമാണ് വാട്സാപ്പ് സന്ദേശം എത്തിയത്. പിന്നാലെ അനിൽ ജെയിൻ, കുനൽ ജോഷി എന്നിങ്ങനെ പരിചയപ്പെടുത്തിയവർ വിളിച്ചു. പ്രോക്സ്ട്രെൻഡ് എന്ന ഷെയർട്രേഡിംഗ് കമ്പനിയുടെ ലിങ്കും അയച്ചു കൊടുത്തു. കേന്ദ്രമന്ത്രി​യുടെ ചി​ത്രം കണ്ടതോടെ സർക്കാർ നിയന്ത്രിത സ്ഥാപനമാണെന്ന് റിട്ട. മാനേജർ ഉറപ്പിച്ചു.

2024ൽ സ്ഥാപിതമായ പ്രോക്സ്ട്രെൻഡ് പ്രധാനമായും ഫോറക്സ്, സി.എഫ്.ഡി മേഖലകളിൽ പ്രവർ‌ത്തിക്കുന്ന വെബ് അധിഷ്ഠിത മൊബൈൽ ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ്. ഇവരുടെ പേരിൽ ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്.

കോടിക്കണക്കിന് ലാഭം കിട്ടുമെന്നതിനാൽ ഭാര്യയോടും കുടുംബാംഗങ്ങളോടും പറയരുതെന്ന് തട്ടിപ്പുകാർ നിർദ്ദേശിച്ചു. അതുകേട്ടിട്ടും അദ്ദേഹത്തിന് സംശയം തോന്നിയില്ല. 2025 ഡിസംബർ 3 മുതൽ 2026 ഏപ്രിൽ 7വരെ 30 തവണയായി 2.50കോടിരൂപ കൈമാറിയത് വീട്ടുകാർ അറിഞ്ഞില്ല. പണം പിൻവലിക്കാൻ കഴി​ഞ്ഞദി​വസം പലതവണ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ആൾ പരിഭ്രാന്തിയിലായി. ഇതു ശ്രദ്ധിച്ച ഭാര്യ വിവരം ചോദി​ച്ചറി​യുകയായിരുന്നു. പി​ന്നാലെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

ബ്രിട്ടീഷ് ഫോൺ നമ്പർ

തട്ടിപ്പ് സംഘം ഉപയോഗിച്ച വാട്സാപ്പ് നമ്പർ യു.കെയിലേതാണെന്ന് കൊച്ചി പൊലീസ് തിരിച്ചറിഞ്ഞു. പണം കൈമാറി​യ അക്കൗണ്ട് നമ്പരുകൾ ഉത്തരേന്ത്യൻ നഗരങ്ങളി​ലേതാണ്. ഇത് 'മ്യൂൾ അക്കൗണ്ടു"കളാണെന്നാണ് സംശയം. 35 ലക്ഷത്തോളംരൂപ തിരിച്ചുപിടിക്കാനും ഇടപാട് നടന്ന അക്കൗണ്ടുകൾ ലിയൻ അക്കൗണ്ടാക്കി ഒരുകോടിരൂപ തിരിച്ചുപിടിക്കാനും നടപടി തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA