SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

സൗദിയിൽ പോയ യുവാവിനെ കാണാതായിട്ട് രണ്ടു വർഷം

READ ENGLISH VERSION
nidhun

കൊച്ചി: അച്ഛന്റെ വരവും കാത്തിരിക്കയാണ് ഏഴു വയസുകാരി ആത്മീയ. അവളോട് എന്തുപറയണമെന്നറിയാതെ ഓരോ നിമിഷവും തള്ളിനീക്കുകയാണ് അമ്മ ശ്രീക്കുട്ടി. സൗദി അറേബ്യയിൽ ജോലിക്കുപോയതാണ് 33കാരൻ നിഥുൻ. രണ്ടു വർഷമായി ഒരു വിവരവുമില്ല.

ചോറ്റാനിക്കര അയ്യൻകുഴിയിൽ വാടകയ്‌ക്ക് താമസിക്കുന്ന സുരേഷ് - ശോഭ ദമ്പതികളുടെ മകൻ നിഥുനെ 2023 ജനുവരി മുതലാണ് കാണാതായത്. സലൂൺ ജീവനക്കാരനായിരുന്ന നിഥുൻ 2022 നവംബർ 17നാണ് സൗദിയിലേക്ക് പോയത്. റിയാദിലെ അൽ റഹ്ദാൻ കമ്പനിയിൽ സെയിൽസ്‌മാൻ ജോലിയായിരുന്നു. ആദ്യത്തെ മാസങ്ങളിൽ 40,000 രൂപ ശമ്പളം ലഭിച്ചിരുന്നു. അഞ്ചാം മാസം മുതൽ മുടങ്ങി. മടങ്ങാൻ തീരുമാനിച്ചെങ്കിലും കമ്പനി എക്‌സിറ്റ് പെർമിറ്റ് നൽകിയില്ല. റിയാദിലെ സുഹൃത്തുക്കൾ പരിചയപ്പെടുത്തിയ ബത്തയിലുള്ള ഏജന്റു വഴി മടങ്ങാൻ തീരുമാനിച്ചു. വീട്ടുകാർ ഒന്നരലക്ഷം രൂപ അയച്ചുനൽകി. തുക 2023 ജനുവരി 17ന് ഏജന്റിനു കൈമാറി.

പൊലീസ് സ്റ്റേഷൻ മുതൽ മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വരെ ഇതു സംബന്ധിച്ച് നിവേദനം നൽകി. നോർക്കയെയും എംബസിയെയും സമീപിച്ചു. വരുമാനമില്ലാതായതോടെ വാടക മുടങ്ങി. നിഥുന്റെ മാതാപിതാക്കളോട് മാർച്ചിൽ വീടൊഴിയണമെന്ന് ഉ‌ടമ ആവശ്യപ്പെട്ടു. മകനെ കാണാതായതോടെ അമ്മ ശോഭ രോഗിയായി. കായംകുളത്തെ കുടുംബ വീട്ടിലേക്ക് മടങ്ങിയ നിഥുന്റെ ഭാര്യ ശ്രീക്കുട്ടി സ്വകാര്യ സ്ഥാപനത്തിൽ തുച്ഛമായ വരുമാനത്തിന് ജോലിചെയ്താണ് മകളെ പഠിപ്പിക്കുന്നത്.

പാതിവഴിയിൽ കാണാതായി

ജനുവരി 22ന് ഏജന്റ് നിഥുനെ വിമാനമാർഗം ജിസാനിലെത്തിച്ചു. ജിസാനിലെത്തിയെന്നും അവിടെ നിന്ന് യെമൻ വഴി നാട്ടിലെത്തുമെന്നും ഏജന്റ് അറിയിച്ചാതായി ശ്രീക്കുട്ടിയോട് നിഥുൻ പറഞ്ഞിരുന്നു. ജിസാനിൽ നിന്ന് നിഥുനെയും മറ്റു നാലുപേരെയും കാറിൽ യെമൻ അതിർത്തിയിലേക്ക് കൊണ്ടുപോയി. ഇതിനിടെയും ശ്രീക്കുട്ടിയുമായി സംസാരിച്ചിരുന്നു. ഏറെദൂരം നടക്കാനുണ്ടെന്നും തന്നെ കിട്ടിയില്ലെങ്കിൽ ഏജന്റിനെ വിളിക്കാനുമാണ് നിഥുൻ അവസാനമായി പറഞ്ഞത്. പിന്നീട് നിഥുനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. പലതവണ ഏജന്റിനെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIDHUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA