
തിരുവനന്തപുരം/കല്ലറ: ഉറ്റവരെ തന്റെ മകൻ കൊന്നുതള്ളിയ വാർത്തകേട്ട് എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുപോയ അബ്ദുൾ റഹീമിനെ നാട്ടിലെത്തിക്കാൻ സഹായിച്ചത് പ്രവാസി മലയാളികളായ സുമനസുകളുടെ ഇടപെടൽ. യാത്രാ തടസങ്ങളും, നിയമ പ്രശ്നങ്ങളും മാറ്റി നാട്ടിലെത്താൻ റഹീമിനെ അവർ സഹായിച്ചു. പ്രവാസി മലയാളി സംഘടനാ നേതാക്കളും സഹായഹസ്തം നീട്ടി. സംസ്ഥാന സർക്കാരിന്റെ ഇടപെടലും നാട്ടിലെത്താൻ വഴിയൊരുക്കി.
കൊവിഡ് കാലത്ത് ബിസിനസ് തകർന്നാണ് റഹീം സാമ്പത്തിക പ്രതിസന്ധിയിലായത്. മൂന്നു വർഷമായി ഇഖാമ പുതുക്കാത്തതിനാൽ നിയമക്കുരുക്കായി. സാമൂഹിക പ്രവർത്തകനായ നാസ് വക്കം റഹീമിനെ ദമാമിലെ പൊലിസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി. സൗദി പാസ്‌പോർട്ട് വകുപ്പിൽ നിയമ പ്രശ്നങ്ങളോ കേസോ റഹീമിന്റെ പേരിൽ ഇല്ലെന്ന് വ്യക്തമായി. ജോലി സ്ഥലമായ റിയാദിൽ നിന്നും മാറി നിൽക്കുന്നതിനാൽ താൻ ഒളിച്ചോടിയെന്ന് കാട്ടി സ്പോൺസർ കേസ് നൽകിയിട്ടുണ്ടോ എന്ന സംശയമായിരുന്നു റഹീമിന്. റഹീം വർഷങ്ങളായി റിയാദിൽ കാർ സ്പെയർ പാർട്സിന്റെ ബിസിനസ് നടത്തി വരികയായിരുന്നു. യഥാസമയം ആളുകൾ പൈസ കൊടുക്കാതെ ബിസിനസ് നഷ്ടത്തിലായി. ഒന്നര മാസം മുൻപ് ദമാമിലെത്തി ഒരു കടയിൽ ജോലിയ്ക്ക് കയറി. ഇതോടെ സ്പോൺസറുമായി ബന്ധം നഷ്ടപ്പെട്ടു. എന്നാൽ സ്‌പോൺസർ റീമിനെതിരെ കേസ് നൽകിയിരുന്നില്ല.
50,000 റിയാൽ
അടയ്ക്കാനും സഹായം
ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ അതിന്റെ ഫീസും ലെവി പുതുക്കാനും പിഴയ്ക്കുമടക്കം റഹീമിന് 50,000 റിയാൽ അടയ്ക്കേണ്ടിയിരുന്നു. നാസ് വക്കത്തിന് പുറമേ ഡോ.സിദ്ദീഖ് അഹമ്മദ് ഉൾപ്പെടെയുള്ള മലയാളികൾ സഹായഹസ്തം നീട്ടിയതോടെ അത് അടയ്ക്കാനായി. വ്യാഴാഴ്ച രാത്രി 12.15ന് ദമാമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട റഹീം ഇന്നലെ രാവിലെ 7.30നാണ് നാട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |