SignIn
Kerala Kaumudi Online
Friday, 23 October 2026 6.14 AM IST

രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞൻ എൻ.ജയന്

aa

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എൻ. ജയന്. നിലവിൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ പ്രോജക്ട് ഡയറക്ടറായ എൻ.ജയൻ പേരൂർക്കട മണ്ണാമൂല സ്വദേശിയാണ്. നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്നു. ജി.എസ്.എൽ.വിയിൽ ഉപയോഗിക്കുന്ന ആദ്യ തദ്ദേശീയ ക്രയോജനിക് എഞ്ചിന്റെ രൂപകൽപ്പനയിലും വികസനത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ജി.എസ്.എൽ.വി എം.കെ.111 റോക്കറ്റിന് കരുത്ത് പകരുന്ന സി.ഇ.20 ക്രയോജനിക് എൻജിൻ വികസിപ്പിച്ച സംഘത്തെയും അദ്ദേഹം നയിച്ചിരുന്നു. വ്യത്യസ്ത വിക്ഷേപണ വാഹനങ്ങൾക്കായുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റങ്ങളുടെ വികസനത്തിന് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക്കും, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്‌റോസ്‌പേസ് എൻജീനീയറിംഗിൽ ബിരുദാനന്തര ബിരുദവും സ്വർണ മെഡൽ നേടിയാണ് അദ്ദേഹം പാസായത്. എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന സ്‌പേസ് ഗോൾഡ് മെഡൽ, ഐ.എസ്.ആർ.ഒ ടീം അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾലഭിച്ചിട്ടുണ്ട്. ഭാര്യ ശോഭ ജയൻ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറാണ്, മകൾ ശ്വേത ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറും, മകൻ സിദ്ധാർത്ഥ് സ്‌കൂൾ വിദ്യാർഥിയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA